കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ധവളപത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെ, യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുതുക്കിയ ബജറ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും പുറപ്പെട്ടു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് കന്റോണ്‍മെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ബജറ്റ് രേഖ നല്‍കിയത്.
കഴിഞ്ഞ ഇടതു സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിൽ ആവശ്യമായ ഭേദഗതികളും വികസന കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയാണ് ഈ പുതിയ സാമ്പത്തിക രേഖ തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതികൾക്ക് ബജറ്റിൽ എത്രത്തോളം തുക മാറ്റിവയ്ക്കുമെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. തീരദേശ വികസനത്തിനും കടൽ സുരക്ഷയ്ക്കുമായുള്ള 'മിഷൻ സമുദ്ര' പദ്ധതിയുടെ പ്രഖ്യാപനവും ഇന്നത്തെ ബജറ്റിൽ ഉണ്ടായേക്കും. കൂടാതെ, സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ കാലോചിതമായ പൊളിച്ചെഴുത്ത് നടത്താനുള്ള നിർദ്ദേശങ്ങളും പുതിയ വീഞ്ഞുനയവും ബജറ്റിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് (Revenue Deficit Grant) അടക്കമുള്ള ആനുകൂല്യങ്ങളിൽ വലിയ കുറവുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് സംസ്ഥാനം ബജറ്റ് അവതരിപ്പിക്കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർധിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങൾ ബജറ്റിലുണ്ടാകും.
മദ്യവിലയിൽ നേരിയ വർധന വരുത്തുക, മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്തുക, ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ നികുതി നിർദ്ദേശങ്ങൾ വരുമാന സമാഹരണത്തിനായി മുഖ്യമന്ത്രി മുന്നോട്ടുവെച്ചേക്കും. കിഫ്ബിയുടെ (KIIFB) ഭാവി പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കുമെന്നതിനെക്കുറിച്ചും ബജറ്റിൽ വ്യക്തമായ പ്രഖ്യാപനമുണ്ടാകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) വർധന, ശമ്പള പരിഷ്കരണ കുടിശ്ശികകൾ തീർപ്പാക്കൽ, ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ എന്നിവ ബജറ്റിൽ ഇടംപിടിക്കുമെന്നാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷ. കോവളത്തെ സമുദ്ര ഹോട്ടൽ, മസ്കറ്റ് ഹോട്ടൽ എന്നിവിടങ്ങളിലെ ക്യാമ്പ് ഓഫീസുകളിൽ വെച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിന് അന്തിമരൂപം നൽകിയത്.
Chief Minister V.D. Satheesan will present the revised Kerala State Budget today, focusing on resource mobilization amid fiscal challenges.
Read DhanamOnline in English
Subscribe to Dhanam Magazine