Business Kerala

സ്വർണത്തിൽ കടുത്ത ചാഞ്ചാട്ടം; ഇന്ന് രാവിലെ 2 തവണ നിരക്കുകൾ മാറിമറി‍ഞ്ഞു; പുതുക്കിയ വിലകൾ ഇങ്ങനെ

വ്യാഴാഴ്ച രാവിലെ തുടക്കത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,06,000 രൂപയാണ് രേഖപ്പെടുത്തിയതെങ്കിലും അര മണിക്കൂറിന് ശേഷം വിലയിൽ അൽപ്പം കുറവ് വരുത്തി വില 1,05,440 രൂപയിലേക്ക് താഴ്ത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം. വ്യാഴാഴ്ച (ജൂലൈ 2) രാവിലെ വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ രണ്ട് തവണ സ്വർണത്തിന്റെ നിരക്കുകളിൽ വ്യാപാരി സംഘടനകൾ മാറ്റംവരുത്തി. കെ.ജി.എസ്.എം.എ രാവിലെ 9.57ന് നൽകിയ അറിയിപ്പ് പ്രകാരം 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 13,180 രൂപയാണ്. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന്റെ പുതുക്കിയ വില 1,05,440 രൂപയാണെന്നും കേരളത്തിലെ സ്വർണ വ്യാപാരികളുടെ പ്രബല സംഘടനകളിലൊന്നായ കെ.ജി.എസ്.എം.എ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ സ്വർണ നിരക്കുകളിൽ വർധന കുറിച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെ തുടക്കത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,06,000 രൂപയാണ് രേഖപ്പെടുത്തിയതെങ്കിലും അര മണിക്കൂറിന് ശേഷം വിലയിൽ അൽപ്പം കുറവ് വരുത്തി വില 1,05,440 രൂപയിലേക്ക് താഴ്ത്തുകയായിരുന്നു. ഫലത്തിൽ ഇന്നലെ വൈകുന്നേരത്തേക്കാൾ ഒരു പവന്റെ വിലയിൽ 1,120 രൂപയുടെ വർധനയുണ്ട്. 24 മണിക്കൂറിനിടെ നോക്കിയാൽ ഒരു പവന്റെ വിലയിൽ 2,200 രൂപയുടെ ഉയർച്ചയും നേരിട്ടു.

വ്യാഴാഴ്ച രാവിലെ താഴ്ന്ന പരിശുദ്ധിയുള്ള സ്വർണത്തിന്റെ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 115 രൂപ വർധിച്ച് 10,835 രൂപയാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ കൂടി വിപണി വില 8,435 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ വർധിച്ച് പുതിയ വില 5,440 രൂപയുമായി.

അതേസമയം ഒരു ​ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 240 രൂപയാണ്. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,400 രൂപയും 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 24,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,40,000 രൂപയും വീതമാകുന്നു.

ഒരു പവന്‍റെ സ്വർണാഭരണം വാങ്ങാൻ ഇപ്പേൾ എത്രയാകും?

തലേദിവസവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാഴാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,14,192 രൂപയെങ്കിലും ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങുന്നതിനായി ചെലവാകും. ആഭരണങ്ങളുടെ ഡിസൈനിൽവരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിലും വ്യത്യാസമുണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT