Gold  Canva
Business Kerala

സ്വ‌ർണ നിരക്കുകളിൽ ഇടിവ്; ഇന്ന് പവന് ₹680 കുറ‍ഞ്ഞു; പുതിയ നിരക്കുകൾ ഇങ്ങനെ

ഈമാസം ഒരു പവന്റെ വിലയിൽ 9,680 രൂപയുടെ കുറവുണ്ടായി. സമാനമായി 22 കാരറ്റിന്റെ ഒരു ​ഗ്രാമിൽ 1,210 രൂപയും ഇടിഞ്ഞു

Dhanam News Desk

സംസ്ഥാന വിപണിയിൽ ഇന്ന് (ജൂൺ 29) സ്വർണ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് പുതിയ ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും വിലയിടിവ് കുറിച്ചത്. 22 കാരറ്റിന്റെ ഒരു ​ഗ്രാമിന് 85 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 13,110 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 680 രൂപ ഇടിഞ്ഞ് പുതിയ നിരക്ക് 1,04,880 രൂപയിലേക്ക് എത്തിച്ചേർന്നു.

ജൂൺ 1, 2, 3 തീയതികളിലായി രേഖപ്പെടുത്തിയ 1,14,560 രൂപയാണ് പവന്റെ ഈമാസത്തെ ഉയർന്ന നിരക്ക്. ഇവിടെ നിന്നും 9,680 രൂപയാണ് ഒരു പവന്റെ വിലയിൽ കുറവുണ്ടായത്. സമാനമായി 22 കാരറ്റിന്റെ ഒരു ​ഗ്രാമിൽ 1,210 രൂപയും ഇടിഞ്ഞു. അതേസമയം ഇക്കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന്റെ സർവകാല റെക്കോ‍ഡ് വിലയിൽ (₹1,31,160) നിന്നും 26,280 രൂപയും താഴെയാണ് നിലവിലെ സ്വർണ വിലയുള്ളത്.

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ഉരുണ്ടുകൂടുകയാണെന്ന വാർത്ത വന്നതോടെ ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പ ഭീഷണി ഉയരുന്നതുമാണ് സ്വർണ നിരക്കിൽ ഇന്ന് ഇടിവുണ്ടാകാൻ കാരണം.

അതേസമയം കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണത്തിന്റെ വിവിധ വിഭാ​ഗങ്ങളിലും ഇന്ന് വിലയിടിവ് കുറിച്ചു. 18 കാരറ്റിന്റെ ഒരു ​ഗ്രാമിന് 70 രൂപ താഴ്ന്ന് പുതിയ വില 10,775 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,395 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,415 രൂപയിലേക്കും എത്തിച്ചേർന്നു.

ഒരു ​ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 240 രൂപയാണ്. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ നിരക്ക് 2,400 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 24,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ നിരക്ക് 2,40,000 രൂപയും വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവന്‍ സ്വർണാഭരണം വാങ്ങാൻ ഇന്ന് എത്രയാകും?

ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,13,586 രൂപയെങ്കിലും ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങുന്നതിനായി ചെലവാകും. ആഭരണങ്ങളുടെ ഡിസൈനിൽവരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിലും വ്യത്യാസമുണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT