കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും നട്ടെല്ലായ നാളികേര മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിൽ നാളികേര ഉൽപ്പാദനത്തിൽ മുൻപന്തിയിലായിരുന്ന കേരളം, ഇപ്പോൾ ഉൽപ്പാദനക്ഷമതയിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലായിരിക്കുകയാണ്. സംസ്ഥാനത്തെ തെങ്ങുകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നോക്കാം.
കേരളത്തിൽ 7.65 ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഹെക്ടറിലെ ഉൽപ്പാദനക്ഷമത വെറും 7,211 നാളികേരമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ (9,871) വളരെ താഴെയാണ്. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൽപ്പാദനക്ഷമതയിൽ കേരളത്തെ പിന്നിലാക്കിയിരിക്കുന്നു. ശാസ്ത്രീയമായ കൃഷി പരിപാലന രീതികളുടെ അഭാവവും പ്രായമേറിയ തെങ്ങുകളുടെ ആധിക്യവുമാണ് ഇതിന്റെ പ്രധാന കാരണം. കേരളത്തിലെ ഏകദേശം 38 ശതമാനം തെങ്ങിൻ തോപ്പുകളും ഉൽപ്പാദനക്ഷമത കുറഞ്ഞ പ്രായമേറിയ തെങ്ങുകളാൽ നിറഞ്ഞതാണ്.
തെങ്ങുകളെ ബാധിക്കുന്ന മാരകമായ 'കാറ്റുവീഴ്ച' (Root Wilt) രോഗമാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇതിനുപുറമെ വെള്ളീച്ചയുടെയും കൊമ്പൻ ചെല്ലിയുടെയും ആക്രമണവും വിളവിനെ സാരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിന്റെ ഗുണനിലവാര തകർച്ചയും പ്രതിസന്ധി രൂക്ഷമാക്കുന്നു. രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പുതിയവ വയ്ക്കുന്നതിലെ കാലതാമസവും ചെലവും കർഷകരെ പിന്നോട്ടടിക്കുന്നു.
നാളികേര മേഖലയിലെ മറ്റൊരു വലിയ പ്രതിസന്ധി തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലിയിൽ 80 ശതമാനത്തിലധികമാണ് വർദ്ധന ഉണ്ടായത്. നിലവിൽ ഒരു തെങ്ങുകയറ്റക്കാരന്റെ പ്രതിദിന വരുമാനം 1,400 രൂപ മുതൽ 2,000 രൂപ വരെയാണ്. ഉയർന്ന പണിക്കൂലിയും മറ്റ് കൃഷി ചെലവുകളും നാളികേര കൃഷിയെ പലപ്പോഴും ലാഭകരമല്ലാതാക്കുന്നു. കേരളീയർ ഈ തൊഴിലിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ നിലവിൽ ചത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളെയാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്.
പ്രതിസന്ധികള്‍ക്കിടയിലും നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി നാളികേര വികസന ബോർഡ് (CDB) വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് നാളികേര വികസന ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയനാഥ് ആര്‍. ധനം ഓണ്‍ലൈനോട് പറഞ്ഞു.
കൃഷി വ്യാപിപ്പിക്കൽ: പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതിന് ഹെക്ടറിന് 56,000 രൂപ ധനസഹായം നൽകുന്നു. മുൻകാലങ്ങളിൽ ഒരു തൈയ്ക്ക് 40 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 350 രൂപ വരെയായി ഇത് വർദ്ധിപ്പിച്ചിട്ടുണ്ട്.
നഴ്‌സറികൾ: ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിക്കാൻ ചെലവിന്റെ 50% വരെ (ഒരു തൈയ്ക്ക് 20 രൂപ നിരക്കിൽ) ബോർഡ് സബ്‌സിഡി നൽകുന്നു.
പുനരുദ്ധാരണ പദ്ധതി: രോഗം ബാധിച്ചതോ പ്രായമേറിയതോ ആയ തെങ്ങുകൾ വെട്ടിമാറ്റി പുതിയവ വയ്ക്കുന്നതിന് ഹെക്ടറിന് 54,000 രൂപ വരെ ധനസഹായം ലഭ്യമാണ്.
മൂല്യവർദ്ധനവ്: തേങ്ങാപ്പാൽ, വെർജിൻ വെളിച്ചെണ്ണ തുടങ്ങിയ യൂണിറ്റുകൾ ആരംഭിക്കാൻ 'ടെക്നോളജി മിഷൻ' വഴി 25% സബ്‌സിഡി (പരമാവധി 3 കോടി രൂപ) നൽകുന്നു.
തൊഴിലാളി ക്ഷേമം: തെങ്ങുകയറ്റക്കാർക്കായി 'ഫ്രണ്ട്സ് ഓഫ് കോക്കനട്ട്' (FoCT) പരിശീലനവും, 7 ലക്ഷം രൂപ വരെയുള്ള 'കേര സുരക്ഷ' ഇൻഷുറൻസും ബോർഡ് നടപ്പിലാക്കുന്നു.
വിപണനം: സംഭരണ കേന്ദ്രങ്ങൾക്കും ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും 50 ശതമാനം ധനസഹായം (പരമാവധി 3 ലക്ഷം രൂപ) ബോർഡ് നൽകുന്നു.
കൂടുതല്‍ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് മാറുന്നത് വിപണിയിലെ വിലയിടിവിനെ നേരിടാൻ സഹായിക്കുമെന്നും ബോർഡ് അധികൃതർ നിർദ്ദേശിക്കുന്നു.
നാളികേര മേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി നാളികേര വികസന ബോർഡ് വ്യക്തമാക്കുന്നു. കൂടുതൽ സംരംഭകർ ഈ മേഖലയിലേക്ക് കടന്നുവരുന്നതും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ (Value added products) നിർമ്മാണത്തിൽ ഉണ്ടായ പുരോഗതിയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. കോക്കനട്ട് മിൽക്ക്, കോക്കനട്ട് വാട്ടര്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രിയമുണ്ട്. കയറ്റുമതി വർദ്ധിക്കുന്നതോടെ ഉൽപ്പന്നങ്ങളുടെ വിലയിൽ സ്ഥിരത കൈവരിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ആകെ കയറ്റുമതി 4,349 കോടി രൂപയായിരുന്നുവെങ്കിൽ, ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം തന്നെ ഇത് 5,600 കോടി രൂപയ്ക്ക് മുകളിൽ എത്തിക്കഴിഞ്ഞു.
റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി തെങ്ങിൻ തോപ്പുകൾ വ്യാപകമായി പരിവർത്തനം ചെയ്യപ്പെടുന്നത് കൃഷിയിടങ്ങൾ കുറയാൻ കാരണമാകുന്നു. കൂടാതെ, കേരളത്തിലെ നാളികേര സംസ്കരണം ഭൂരിഭാഗവും തമിഴ്‌നാട്ടിലെ കങ്കയം പോലുള്ള മേഖലകളിലേക്ക് മാറുന്നതും കേരളത്തിലെ വിപണിയെ ബാധിക്കുന്നുണ്ട്. ശാസ്ത്രീയമായ പരിചരണത്തിലൂടെയും പുതിയ സങ്കരയിനം തൈകൾ വെച്ചുപിടിപ്പിക്കുന്നതിലൂടെയും മാത്രമേ കേരളത്തിന്റെ കേരപാരമ്പര്യം വീണ്ടെടുക്കാൻ സാധിക്കൂവെന്നാണ് പൊതുവെ കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine