സഹകരണ മേഖലയിലെ നിക്ഷേപകർക്ക് സമ്പൂർണ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഹകരണ വകുപ്പിൻ്റെയും സംസ്ഥാന സഹകരണ യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ബാങ്ക് ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നാൽ മാത്രമാണ് ലഭിക്കുന്നത്. ഇതിന് പകരം ദേശസാത്കൃത-ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സമാനമായ സുരക്ഷ സഹകരണ നിക്ഷേപങ്ങൾക്കും ഉറപ്പാക്കും. സാധാരണക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ, ഭൂമി വിറ്റ പണം, പ്രവാസി സമ്പാദ്യം എന്നിവ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.
സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്ക് സത്യസന്ധരും ജനവിശ്വാസമുള്ളവരുമായ ആളുകളെയാണ് നിയോഗിക്കുന്നതെന്ന് രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബാങ്കുകളിൽ നിക്ഷേപങ്ങൾ വെറുതെ കെട്ടിക്കിടക്കുന്നതിന് പകരം അവ വിപണിയിൽ പുനഃചംക്രമണം നടത്തി ഉത്പാദനപരമായ പദ്ധതികളിൽ നിക്ഷേപിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സപ്ലൈകോ സംഭരണശാലകൾ: സബ്സിഡി ഇനത്തിൽ സർക്കാർ പ്രതിവർഷം 1,500–2,000 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നൽകുന്നത്. വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നേരിട്ട് സംഭരിച്ച് സൂക്ഷിക്കാൻ സപ്ലൈകോ സ്വന്തമായി സംഭരണശാലകൾ നിർമ്മിക്കണം. ആദ്യഘട്ടത്തിൽ 13 അവശ്യസാധനങ്ങളിൽ അഞ്ചെണ്ണം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ബാങ്ക് കൺസോർഷ്യം: സപ്ലൈകോ സംഭരണശാലകൾ പോലുള്ള വരുമാന സാധ്യതയുള്ള പദ്ധതികളിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നിക്ഷേപം നടത്താം. ഇതുവഴി ബാങ്കുകൾക്ക് പലിശയടക്കം കൃത്യമായ പ്രതിമാസ വരുമാനം ഉറപ്പാക്കാനാകും.
വ്യവസായം, തൊഴിൽ, ആരോഗ്യം, നിർമ്മാണം എന്നീ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം കൂടുതൽ വ്യാപിക്കണം. സഹകരണ മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ മേഖലയുടെ നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സെമിനാർ ഉദ്ഘാടനവും ലോഗോ രൂപകൽപ്പന ചെയ്ത കെ.എസ്. അനന്ദുവിനുള്ള സമ്മാനദാനവും നിർവഹിച്ചു. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, കേരള ബാങ്ക് ചെയർമാൻ കെ. മോഹനൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Kerala Chief Minister V. D. Satheesan said the government would strengthen deposit protection in the cooperative sector and encourage cooperative banks to channel funds into productive projects, including Supplyco warehouses.
Read DhanamOnline in English
Subscribe to Dhanam Magazine