Image courtesy: Canva
Business Kerala

ന്യൂയോര്‍ക്കിലെ 'കപ്പ ചക്ക കാന്താരി'യിലേക്ക് കണ്ണൂരില്‍ നിന്ന് തേങ്ങാപ്പാല്‍, ബീഡിക്കാലത്തു നിന്ന് കേരള ദിനേശ് എത്ര മാറി! ഇത് എ.ഐ കാലത്തെ സഹകരണ പ്രസ്ഥാനം

ഐടി, എഐ, ഭക്ഷ്യസംസ്കരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇന്ന് സജീവമാണ് സ്ഥാപനം

Sutheesh Hariharan

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സഹകരണ പ്രസ്ഥാനങ്ങളിലൊന്നായ കേരള ദിനേശ്, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പ്രവർത്തന മേഖലകൾ വിപുലീകരിച്ച് മുന്നേറ്റത്തിന്റെ പാതയില്‍. 1969-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, ഒരു കാലത്ത് 42,000-ത്തോളം തൊഴിലാളികളുമായി ഏഷ്യയിലെ തന്നെ വലിയ സഹകരണ സ്ഥാപനമായിരുന്നു. പരമ്പരാഗത മേഖലകളിൽ നിന്ന് മാറി കേരള ദിനേശ് ഐടി, എഐ (AI), ഭക്ഷ്യസംസ്കരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇന്ന് സജീവമാണ്. 1990 കളില്‍ ശക്തിയാര്‍ജിച്ച പുകയില വിരുദ്ധ പ്രസ്ഥാനം മൂലം ബീഡി വ്യവസായം ക്ഷയിച്ചതിനെത്തുടര്‍‌ന്ന് വൈവിധ്യവൽക്കരണത്തിലേക്ക് കടക്കാന്‍ പ്രസ്ഥാനം തീരുമാനിക്കുകയായിരുന്നു.

ഭക്ഷ്യസംസ്കരണവും കയറ്റുമതിയും

കേരള ദിനേശിന്റെ ഏറ്റവും പുതിയ നേട്ടം അമേരിക്കയിലേക്കുള്ള തേങ്ങാപ്പാൽ കയറ്റുമതിയാണ്. യാതൊരുവിധ മായങ്ങളും ചേർക്കാതെ നിർമ്മിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള തേങ്ങാപ്പാൽ ന്യൂയോർക്കിലെ 'കപ്പ ചക്ക കാന്താരി' എന്ന റെസ്റ്റോറന്റ് ശൃംഖലയിലേക്കാണ് പ്രധാനമായും അയക്കുന്നത്. അമേരിക്കയ്ക്ക് പുറമെ ചൈന, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ട്.

എന്നാൽ നിലവിലെ ഉൽപാദന ശേഷി അനുസരിച്ച് എല്ലാ ഓർഡറുകളും പൂർണമായും എത്തിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. മായം ചേർക്കാത്ത അഗ്മാര്‍ക്ക് കറി പൗഡറുകളും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്. വിദേശത്ത് താമസിക്കുന്ന മലയാളികൾ ഇവിടുന്ന് പോകുമ്പോൾ കേരള ദിനേശിന്റെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതും വലിയ രീതിയിലുള്ള പ്രചാരത്തിന് കാരണമായിട്ടുണ്ട്.

കേരളത്തില്‍ തന്നെ ഓര്‍ഡറുകള്‍ പൂര്‍ണ തോതില്‍ കൊടുക്കാന്‍ കഴിയുന്നില്ല. ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പാദനമില്ല. ഇത് പരിഹരിക്കുന്നതിനുളള നടപടികളിലാണ് സ്ഥാപനം. ഐടി അടക്കമുളള മേഖലകളില്‍ കൂടുതല്‍ വികസനം നടത്തുന്നതിനുളള ശ്രമങ്ങളും പുരോഗമിക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുകയാണ്.
എം.കെ. ദിനേശ് ബാബു, ചെയർമാൻ, കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

സാങ്കേതിക വിദ്യയിലെ മുന്നേറ്റം

ഐടി മേഖലയിൽ സഹകരണ സ്ഥാപനങ്ങൾക്കായി പ്രത്യേക സോഫ്റ്റ്‌വെയറുകൾ കേരള ദിനേശ് വികസിപ്പിച്ചു നൽകുന്നു. ഇതിനു പുറമെ, വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാനായി വയനാട് പുൽപ്പള്ളിയിലും പാലക്കാടും എഐ (AI) ക്യാമറകൾ ഉപയോഗിച്ചുള്ള പ്രത്യേക സുരക്ഷാ സംവിധാനം ഇവർ വിജയകരമായി നടപ്പിലാക്കി. മൃഗങ്ങളെ തിരിച്ചറിഞ്ഞ് വനം വകുപ്പിനും പൊതുജനങ്ങൾക്കും അലാറം നൽകുന്ന ഈ സംവിധാനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

മറ്റ് സേവനങ്ങളും ഉൽപ്പന്നങ്ങളും

കുടകളുടെ നിർമ്മാണത്തിലും വിപണനത്തിലും കേരള ദിനേശ് ഇന്നും മുൻപന്തിയിലാണ്. വാങ്ങിയ ശേഷം മൂന്ന് മാസത്തിനുള്ളിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയാണെങ്കിൽ സൗജന്യമായി റിപ്പയർ ചെയ്തു നൽകുകയോ പുതിയത് നൽകുകയോ ചെയ്യുന്ന പ്രത്യേക സേവനം ഇവർ നൽകുന്നുണ്ട്. വസ്ത്ര നിർമ്മാണ മേഖലയിലും ഇവർ സജീവമാണ്; ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നതായി ദിനേശ് ബാബു ധനം ഓണ്‍ലൈനോട് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ: കണ്ണൂർ താണയിൽ 1000 പേർക്ക് ഇരിക്കാവുന്ന എസി ഓഡിറ്റോറിയവും 400 പേർക്ക് ഉപയോഗിക്കാവുന്ന ഡൈനിംഗ് ഹാളും ഇവർ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയും നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 58 കോടി രൂപയായിരുന്ന ടേൺഓവർ ഈ വർഷം 100 കോടിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ദിനേശ്, ലോക വിപണിയിലേക്ക് പടരുന്നതിലൂടെ കേരളത്തിന്റെ തനത് നാളികേര ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം വിശ്വാസ്യതയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT