Business Kerala

കേന്ദ്ര അവഗണനയെ 'കേരള മോഡല്‍' കൊണ്ട് നേരിട്ട് ധനമന്ത്രി; വിശ്യാസ്യതയെ ചോദ്യം ചെയ്ത് വി.ഡി സതീശന്‍

കേന്ദ്രത്തിന്റെ അവഗണനയെ അഞ്ച് പോയിന്റുകളിലായി അദ്ദേഹം വിവരിച്ചു

Dhanam News Desk

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന ആക്ഷേപങ്ങളെ കണക്കുകള്‍ നിരത്തി പ്രതിരോധിച്ചും, കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമര്‍ശിച്ചും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം കടംകയറി തളര്‍ന്നിരിക്കുകയാണെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വായ്പാ പരിധി നിശ്ചയിക്കുന്നതില്‍ കേന്ദ്രം പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെയും ബജറ്റ് പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി.

കടക്കെണി ആക്ഷേപം തള്ളി ധനമന്ത്രി

കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിക്കുള്ളിലാണെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ അഞ്ചുവര്‍ഷത്തിലും സഞ്ചിതകടം ഇരട്ടിയാകുന്ന മുന്‍കാല രീതിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് മാറ്റമുണ്ടായി.

2021-ല്‍ കടം-ആഭ്യന്തര ഉല്പാദന അനുപാതം (Debt-GSDP Ratio) 38.47% ആയിരുന്നു. നിലവില്‍ ഇത് 33.44% ആയി കുറഞ്ഞു. നാല് വര്‍ഷം കൊണ്ട് 5 ശതമാനത്തോളം കുറവ് വരുത്താന്‍ സാധിച്ചത് മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ ഫലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്രത്തിനെതിരെ 5 പ്രധാന ആരോപണങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേന്ദ്രനയങ്ങള്‍ മൂലം കേരളത്തിന് 1,07,513 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ അവഗണനയെ അഞ്ച് പോയിന്റുകളിലായി അദ്ദേഹം വിവരിച്ചു:

* വികസിത രാജ്യങ്ങള്‍ നികുതി വിഹിതം കൂട്ടുമ്പോള്‍, ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി വെട്ടിക്കുറച്ച് സര്‍ക്കാരിനെ ചെറുതാക്കാന്‍ ശ്രമിക്കുന്നു.

*സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കേണ്ട നികുതി വിഹിതം കുറയ്ക്കുകയും സെസ്സും സര്‍ചാര്‍ജും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നതിലും വീഴ്ച വരുത്തുന്നു.

* പത്താം ധനകാര്യ കമ്മീഷന്‍ കാലത്ത് 3.88% ആയിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോള്‍ 1.92% ആയി കുറഞ്ഞു.

*റവന്യൂ കമ്മി ഗ്രാന്റും ജി.എസ്.ടി കോമ്പന്‍സേഷന്‍ ഗ്രാന്റും നിര്‍ത്തലാക്കിയത് തിരിച്ചടിയായി.

* കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരുന്ന കിഫ്ബിയെ സംസ്ഥാനത്തിന്റെ പൊതുവായ കടമായി കണക്കാക്കി വായ്പാ പരിധി വെട്ടിക്കുറച്ചു.

* ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ സംസ്ഥാനത്തിനു ലഭിച്ചിരുന്ന പ്ലാന്‍ ഗ്രാന്റ് ഇല്ലാതായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. ഏറ്റവും ഒടുവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കേന്ദ്രം പിന്മാറുകയാണ്. തൊഴിലുറപ്പു പദ്ധതിയിലെ പുതിയ കേന്ദ്ര സമീപനം മൂലം സംസ്ഥാനത്തിന് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ 2,000 കോടി രൂപയിലധികം അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്.

'കേന്ദ്ര ഏജന്‍സികളുടെ കണക്കുകള്‍ നിരത്തിക്കൊണ്ട് കിട്ടാവുന്ന എല്ലാ വേദികളിലും അവഗണനയുടെ സത്യം ഞങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ അവഗണനയുണ്ട് എന്ന കാര്യം ഇപ്പോള്‍ വിദഗ്ദ്ധന്മാരും മാധ്യമങ്ങളും പൊതുവെ സമ്മതിക്കുന്നുണ്ടെന്നും മന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അതിജീവനത്തിന്റെ 'കേരള മോഡല്‍'

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്രയേറെ സാമ്പത്തിക ഉപരോധം ഉണ്ടായിട്ടും കേരളം തളരാത്തത് തനത് വരുമാനം വര്‍ദ്ധിപ്പിച്ചതിനാലാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ തനത് നികുതി-നികുതിയിതര വരുമാനത്തില്‍ 1,52,645 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേന്ദ്രമുണ്ടാക്കിയ 1,07,513 കോടിയുടെ വിടവ് നികത്തിയിട്ടും ഏകദേശം 45,000 കോടി രൂപ അധികമായി സമാഹരിക്കാന്‍ കഴിഞ്ഞു.

ഇതുമൂലമാണ് ശമ്പളവും പെന്‍ഷനും മുടങ്ങാതെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാതെയും മുന്നോട്ട് പോകാന്‍ കഴിഞ്ഞതെന്നും ഇതാണ് യഥാര്‍ത്ഥ 'കേരള മോഡല്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' എന്നും മന്ത്രി വ്യക്തമാക്കി.

വിശ്യാസ്യതയെ ചോദ്യം ചെയ്ത് വി.ഡി സതീശന്‍

അതേസമയം, സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ചിരിക്കുന്നത്.'പൂച്ച പെറ്റുകിടക്കുന്ന ഖജനാവു'ള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശവാദം കൊണ്ട് ബജറ്റിന്റെ പവിത്ര നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT