Business Kerala

ഫ്‌ളിപ്കാര്‍ട്ടിന്റെ എറണാകുളം ഡെലിവറി ഹബ്ബുകളില്‍ വന്‍ തട്ടിപ്പ്, നഷ്ടപ്പെട്ടത് 1.61 കോടി വിലമതിക്കുന്ന 332 മൊബൈല്‍ ഫോണുകള്‍

കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Dhanam News Desk

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ എറണാകുളം ജില്ലയിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് 1.61 കോടി രൂപയുടെ ഫോണുകള്‍ നഷ്ടപ്പെട്ടതായി പരാതി. ഫിളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫ്‌ളിപ്കാര്‍ട്ടിന്റെ എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് നടന്നത്.

കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി കെ അലിയാര്‍, ജാസിം ദിലീപ്, ഹാരിസ് പി എ, മാഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

നഷ്ടപ്പെട്ടതില്‍ ആപ്പിള്‍, സാസംഗ് മോഡലുകളും

വ്യാജ വിലാസങ്ങളും വ്യത്യസ്ത മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്ന് പ്രതികള്‍ 332 മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 1.61 കോടി രൂപ വിലവരുന്ന ഫോണുകളില്‍ ആപ്പിള്‍ (ഐഫോണ്‍), സാംസങ് ഗാലക്സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകളും ഉള്‍പ്പെടുന്നു.

എഫ്ഐആര്‍ പ്രകാരം, കാഞ്ഞൂര്‍ ഹബ്ബില്‍ നിന്ന് 18.14 ലക്ഷം രൂപ വിലവരുന്ന 38 ഫോണുകളും, കുറുപ്പംപടി ഹബ്ബില്‍ നിന്ന് 40.97 ലക്ഷം രൂപ വിലവരുന്ന 87 ഫോണുകളും, മേക്കാട് ഹബ്ബില്‍ നിന്ന് 48.66 ലക്ഷം രൂപ വിലവരുന്ന 101 ഫോണുകളും, മൂവാറ്റുപുഴ ഹബ്ബില്‍ നിന്ന് 53.41 ലക്ഷം രൂപ വിലവരുന്ന 106 ഫോണുകളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളില്‍ എത്തിയതിന് ശേഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയും വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

'അന്വേഷണം തുടങ്ങിയതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്, പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും,' അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT