Image created with Canva 
Business Kerala

ആഗോള വിപണിക്കൊപ്പം കുതിച്ചുയര്‍ന്ന് സ്വര്‍ണവില, ഇന്നും റെക്കോഡ്‌, പവന് 600 രൂപയുടെ വര്‍ധന, ചെറുകാരറ്റുകള്‍ക്ക് വിലയിങ്ങനെ

വെള്ളി വിലയില്‍ മാറ്റമില്ല

Resya Raveendran

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില 600 രൂപ വര്‍ധിച്ച് 98,800 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 10,155 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,910 രൂപയും 9 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,100 രൂപയിലുമാണ് ഇന്ന് വ്യാപാരം.

വെള്ളി വിലയില്‍ മാറ്റമില്ല

സ്വര്‍ണവില കുതിച്ചുകയറിയപ്പോള്‍ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 198 രൂപയും 10 ഗ്രാമിന് 1,980 രൂപയുമാണ് വില.

വില കൂടാന്‍ കാരണം?

ആഗോള വിപണിക്കൊപ്പമാണ് കേരളത്തിലും വിലക്കയറ്റം. യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്) പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന ശക്തമായ പ്രതീക്ഷകള്‍ ഉയര്‍ന്നതോടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,315 ഡോളറിനടുത്ത് എത്തി. ഒക്ടോബര്‍ 21 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.

അടുത്ത വര്‍ഷം ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വര്‍ണത്തിന് വലിയ പിന്തുണ നല്‍കുന്നത്. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു. ആഗോള തലത്തിലെ അനിശ്ചിതത്വങ്ങളും 'റിസ്‌ക്-ഓഫ്' വികാരവും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഗുണകരമായി. ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കൂട്ട വെടിവെപ്പ് പോലുള്ള സംഭവങ്ങളെത്തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

കഴിഞ്ഞ ആഴ്ച ഫെഡ് അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം കുറച്ച് 3.50 ശതമനം മുതല്‍ 3.75 ശതമാനം വരെയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്.

ട്രേഡര്‍മാര്‍ ഇനി ചൊവ്വാഴ്ച പുറത്തുവരുന്ന യുഎസിലെ ഒക്ടോബര്‍ മാസത്തെ നോണ്‍ഫാം പേറോള്‍സ് (NFP) ഡാറ്റയ്ക്കായി കാത്തിരിക്കുകയാണ്. ഈ ഡാറ്റ പുതിയ പലിശ നിരക്ക് കുറയ്ക്കലിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയേക്കാം.

ഫെഡ് ഗവര്‍ണര്‍ സ്റ്റീഫന്‍ മിറാന്‍, ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസ് എന്നിവരുടെ ഇന്നത്തെ പ്രസംഗങ്ങളും വിപണി കൂടുതല്‍ സൂചനകള്‍ക്കായി ശ്രദ്ധിക്കും. ഫെഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള കടുപ്പമേറിയ (Hawkish) അഭിപ്രായങ്ങള്‍ ഉണ്ടായാല്‍, അത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ഡോളറില്‍ വ്യാപാരം നടത്തുന്ന സ്വര്‍ണവിലയെ താഴേക്ക് കൊണ്ടുവരികയും ചെയ്യും.

എന്തായാലും രാജ്യാന്തര വിപണിയിലെ ഈ അതിശക്തമായ മുന്നേറ്റം കേരളം ഉള്‍പ്പെടെയുള്ള ആഭ്യന്തര വിപണികളില്‍ സമീപഭാവിയില്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരാന്‍ വഴിയൊരുക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 98,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,01,817 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold price surges in Kerala following global trends, with strong expectations of US Fed rate cuts driving the hike.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT