ഓഗസ്റ്റ് 21ന് സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാമത്തെ കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 100 രൂപ കൂടി 14,810 രൂപയും പവന് 800 രൂപ കൂടി 1,18,480 രൂപയുമായി. രണ്ട് ദിവസത്തിൽ പവന് 4,840 രൂപ ഉയർന്നതോടെ മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് വിപണി. ഓണക്കാലത്ത് കല്യാണപാർട്ടികളും ആഭരണപ്രേമികളും ആശങ്കയിൽ. വെള്ളിവിലയിൽ മാറ്റമില്ല.
സംസ്ഥാന വിപണിയിൽ ഇന്ന് (ഓഗസ്റ്റ് 21) രണ്ടാം തവണയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ വർധിച്ച് പുതുക്കിയ വില 14,810 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 800 രൂപ ഉയർന്ന് പുതിയ വിപണി വില 1,18,480 രൂപയിലേക്ക് എത്തിച്ചേർന്നു.
ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിൽ 880 രൂപയുടെ വർധന രേഖപ്പെടുത്തിയാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 800 രൂപയുടെ വർധന കൂടി കുറിച്ചതോടെ ഇന്ന് മാത്രം പവന് 1,680 രൂപയാണ് ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന്റെ വില 4,840 രൂപ കൂടിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ മൂന്ന് മാസക്കാലത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില ഇപ്പോഴുള്ളത്.
അതുപോലെ താഴ്ന്ന കാരറ്റിലുള്ള സ്വർണത്തിന്റെ വിലയിലും ഉച്ചയ്ക്കുശേഷം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച് 12,170 രൂപയായി. വിപണിയിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിഭാഗത്തിൽ ഏറെ ഡിമാൻഡുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ ഉയർന്ന് പുതിയ വില 9,475 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ വർധിച്ച് വില 6,110 രൂപയായി.
എന്തായാലും കേരളത്തിൽ ഓണക്കാല വിപണി ഉഷാറായതിനൊപ്പം സ്വർണ വിലയും കുതിച്ചുയരുന്നത് കല്യാണപാർട്ടികളേയും ആഭരണപ്രേമികളെയും ഒരുപോലെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ (Silver) വിലയിൽ ഉച്ചയ്ക്കുശേഷം മാറ്റം കുറിച്ചിട്ടില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വില കുറിച്ചിരിക്കുന്നത്. 10 ഗ്രാം വെള്ളിയുടെ വില 2,600 രൂപയും 100 ഗ്രാം വെള്ളിക്ക് 26,000 രൂപ നിലവാരത്തിലും വില രേഖപ്പെടുത്തിയിരിക്കുന്നു.
രാജ്യാന്തര വിപണിയിൽ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ വൻ കുതിപ്പ് ദൃശ്യമാണ്. ഇന്നത്തെ വ്യാപാരത്തിനിടെ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 4,640 ഡോളർ പിന്നിട്ടു. ഇന്ന് ഒന്നര ശതമാനത്തിലേറെ വർധന ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.
യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ്, നേരത്തെ പറഞ്ഞതിലുമധികം സർക്കാർ കടപ്പത്രങ്ങൾ വിപണിയിൽ നിന്നും വാങ്ങുമെന്ന പുതിയ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന്, യു.എസിൽ കുത്തനെ പലിശ നിരക്ക് വർധിച്ചേക്കാം എന്ന ഭീതി നിക്ഷേപകരിൽ കുറഞ്ഞു വരുകയാണ്. ഇതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലെ മുന്നേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകം.
വെള്ളിയാഴ്ച (ഓഗസ്റ്റ് 21) ഉച്ചയ്ക്കുശേഷവും ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,28,308 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരുമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine