പ്രതീകാത്മക ചിത്രം Image Source: Canva
Business Kerala

സ്വർണ വിലയിൽ വീണ്ടും വൻ വർധന; ഇന്ന് പവന് ₹2,440 ഉയർന്നു; ഇനിയും കുതിച്ചുയരുമോ?

തിരുത്തലിന് പിന്നാലെ കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ വർധന

Dhanam News Desk

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 305 രൂപ കൂടി 14,240 രൂപയായി, ഒരു പവന് 2,440 രൂപ ഉയർന്ന് 1,13,920 രൂപയായി. 18, 14, 9 കാരറ്റ് സ്വർണത്തിനും നിരക്കുകൾ കുത്തനെ ഉയർന്നു. യു.എസ് തൊഴിൽ കണക്കുകൾ ദുർബലമായതും പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയും യുദ്ധഭീതിയും കാരണമാണ് വില കുതിച്ചുയർന്നത്.

സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 3) സ്വർണ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായ തിരുത്തൽ നേരിട്ടതിനു ശേഷമാണ് സ്വർണ നിരക്കുകളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 305 രൂപ വർധിച്ച് പുതുക്കിയ വില 14,240 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​പവന് 2,440 രൂപ ഉയർന്ന് പുതിയ വില 1,13,920 രൂപയായും രേഖപ്പെടുത്തി.

അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 250 രൂപ വർധിച്ച് ഇന്നത്തെ വിപണി വിലയായി 11,700 രൂപ കുറിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഏറെ ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 190 രൂപ കൂടി പുതുക്കിയ വില 9,110 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 125 രൂപ കൂടി ഇന്നത്തെ വില 5,875 രൂപയായും രേഖപ്പെടുത്തി.

എന്തുകൊണ്ട് വില ഉയർന്നു?

യു.എസിൽ നിന്നുള്ള പുതിയ തൊഴിൽ കണക്കുകൾ (US Jobs Data) പ്രതീക്ഷിച്ചതിലും താഴ്ന്നുപോയത്, അവിടുത്തെ സാമ്പത്തിക മാന്ദ്യഭീതി വീണ്ടും ഉയർത്താൻ കാരണമായി. ഇത് മറുഭാ​ഗത്ത് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സജീവമാക്കി. ഇതോടെ രാജ്യാന്തര വിപണിയിൽ ഡോളറും ബോണ്ട് യീൽഡും ദുർബലമായത്, മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ അവസരമൊരുക്കി. ഇതിനോടൊപ്പം പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധഭീതിയും അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,23,372 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇന്ന് രാവിലെ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT