Business Kerala

പിന്നെയും റെക്കോഡ്, ഇവിടെ നില്‍ക്കുമോ സ്വര്‍ണം? വിലയേറ്റത്തിന്റെ കാരണമറിയാം

18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,740 രൂപയിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 1,04,520 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,740 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 254 രൂപ ഉയര്‍ന്ന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമായി. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.

ആഗോള വിപണി

ആഗോള വിപണിയിൽ സ്വർണവില റെക്കോർഡ് ഉയരങ്ങൾ കീഴടക്കി കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ചരിത്രത്തിലാദ്യമായി ഔൺസിന് 4,600 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും തമ്മിലുളള ഏറ്റുമുട്ടലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും (പ്രത്യേകിച്ച് ഇറാൻ, വെനസ്വേല മേഖലകളിൽ) ആഗോള സാമ്പത്തിക അനിശ്ചിതത്വവുമാണ് ഈ കുതിപ്പിന് പ്രധാന കാരണം. പലിശനിരക്ക് കുറയ്ക്കാനുളള ട്രംപിന്റെ ദീർഘകാല ആവശ്യത്തില്‍ വിമുഖത കാണിച്ചതിലുളള നിരാശയിൽ നിന്നാണ് തനിക്കെതിരെയുളള അന്വേഷണമെന്ന് പവല്‍ പറഞ്ഞു.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനമായി സ്വർണവില പുതിയ ഉയരങ്ങളിലെത്തി. നിലവിലെ സാഹചര്യം തുടർന്നാൽ 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 5,000 ഡോളറിലേക്ക് എത്തിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,13,196 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT