സംസ്ഥാനത്ത് സ്വർണ വിലയിൽ നാലാം ദിവസവും ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,320 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയുമായി. നാല് ദിവസത്തിനുളളില്‍ സ്വര്‍ണ വിലയില്‍ 4,480 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനു ശേഷം സ്വര്‍ണവില ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്. മെയ് 14 ന് സ്വര്‍ണവില പവന് 1,19,040 രൂപയായിരുന്നു. മെയ് 13 ന് രേഖപ്പെടുത്തിയ 1,23,120 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,532 ഡോളർ നിലവാരത്തിലേക്കാണ് താഴ്ന്നത്. അമേരിക്കയിലെ ശക്തമായ പണപ്പെരുപ്പ നിരക്കുകളും യുഎസ് ഡോളറിന്റെയും ട്രഷറി ബോണ്ടുകളുടെയും മൂല്യവർദ്ധനവുമാണ് സ്വർണത്തിന് തിരിച്ചടിയായത്. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന സൂചനകൾ നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നിരുന്നാലും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വിപണിയിൽ സ്വർണത്തിന്റെ വലിയ തകർച്ചയെ പ്രതിരോധിക്കുന്നുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,24,064 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine