Business Kerala

തീ പിടിച്ച് സ്വര്‍ണം! ഇന്നും പുതിയ റെക്കോഡ്, ഇന്ന് മാത്രം കൂടിയത് ₹3,680, എന്താണ് ഇങ്ങനെ കൂടാന്‍ കാരണം?

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 375 രൂപ കൂടി 11,660 രൂപയിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധന. ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയിലും പവന് 3,680 രൂപ കൂടി 1,13,520 രൂപയിലുമെത്തി. സര്‍വകാല റെക്കോഡിലാണ് സ്വര്‍ണവില മുന്നേറുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 375 രൂപ കൂടി 11,660 രൂപയും 14 കാരറ്റിന് ഗ്രാമിന് 295 രൂപ കൂടി 9,080 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 325 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ചരിത്രത്തില്‍ ആദ്യമായി ഔൺസിന് 4,800 ഡോളറിനു മുകളിലെത്തി. ഇതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതും ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് പൊന്നിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. ഗ്രീൻലാൻഡ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിലപാടാണ് നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നത്.

ഇത് യൂറോപ്പുമായുള്ള വ്യാപാര യുദ്ധം വീണ്ടും തീവ്രമാക്കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ നാറ്റോ സഖ്യം തകർക്കാനുളള സാധ്യതകളും വിദഗ്ധര്‍ തളളിക്കളയുന്നില്ല. യൂറോപ്പ് ഭീഷണിപ്പെടുത്തുന്നവർക്ക് വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി കഴിഞ്ഞു.

ആഭരണം വാങ്ങാന്‍

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,22,939 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT