Business Kerala

ലക്ഷപ്രഭോ! സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, പവൻ ലക്ഷം കടന്നു, ഇന്ന് മാത്രം വർദ്ധിച്ചത് 1,760 രൂപ

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 180 രൂപ കൂടി 10,400 രൂപയിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. സ്വര്‍ണവില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില റെക്കോഡ് ഉയരത്തിലെത്തിയതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 1,01,600 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 180 രൂപ കൂടി 10,400 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ വര്‍ധിച്ച് 8,130 രൂപയാണ്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,497 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. യു.എസ്-വെനസ്വേല തർക്കം, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചു. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ കുറവും സ്വർണത്തിന് കരുത്തായി.

ആഗോള വിപണിയിൽ ഡോളർ ദുർബലമായതും കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർദ്ധിക്കാൻ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർദ്ധിക്കുന്നത് വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,10,035 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്ന കാര്യം ശ്രദ്ധിക്കുക.

Kerala gold price update 23 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT