Business Kerala

സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് 520 രൂപ കുറഞ്ഞു, വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

യുഎസ് സാമ്പത്തിക ഡാറ്റകൾ വിപണിയുടെ ഹ്രസ്വകാല ഗതി നിർണ്ണയിക്കുന്നതിൽ നിർണായകമാകും

Dhanam News Desk

സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. ഗ്രാം വില 65 രൂപ കുറഞ്ഞ് 11,470 രൂപയും പവന്‍ വില 520 രൂപ കുറഞ്ഞ് 91,760 രൂപയുമായി. ശനിയാഴ്ച പവന് 1,360 രൂപ കൂടിയിരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,435 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,350 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4,740 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില 163 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് ഏകദേശം 4,050 ഡോളര്‍ മുതൽ 4,070 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പുതിയ സൂചനകളും യുഎസ് ഡോളറിന്റെ പ്രകടനവുമാണ് സ്വർണ്ണ വിലയിലെ പ്രധാന സ്വാധീന ശക്തികൾ. ആഗോളതലത്തിൽ, സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം സ്വർണ്ണം ഇപ്പോഴും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആകർഷകമായി തുടരുന്നു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് സാമ്പത്തിക ഡാറ്റകൾ വിപണിയുടെ ഹ്രസ്വകാല ഗതി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,760 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,292 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT