സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. സ്വർണം ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. ഇന്നലെ പവന് 7,080 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 13,400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 645 രൂപ താഴ്ന്ന് 12,095 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 505 രൂപ കുറഞ്ഞ് 9,415 രൂപയിലെത്തി. വെളളിയുടെ വ്യാപാരം ഗ്രാമിന് 45 രൂപ കുറഞ്ഞ് 350 രൂപയിലാണ് പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സിന് 5,110 ഡോളര്‍ നിലവാരത്തിലായിരുന്ന സ്വര്‍ണ വില ഇന്ന് 5,000 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. 8.15 ശതമാനം ഇടിഞ്ഞ് 4,893 ഡോളറിലാണ് ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ വിലയിൽ വൻ മുന്നേറ്റമുണ്ടായതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് വിലയിടിവിന് കാരണമായത്. ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണവിലയില്‍ സമ്മര്‍ദം ചെലുത്തുന്നു.
സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,17,760 രൂപയായി താഴ്ന്നതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,33,711 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine