Image courtesy: Canva
Business Kerala

തകര്‍പ്പന്‍ മുന്നേറ്റം! സ്വര്‍ണ വില സർവകാല റെക്കോർഡില്‍, ഒരു പവന്‍ വാങ്ങാന്‍ ലക്ഷം രൂപക്ക് മുകളില്‍

18 കാരറ്റ് സ്വര്‍ണവിലയും റെക്കോഡ് നിലവാരത്തിലാണ്. ഗ്രാമിന് 10,040 രൂപയും പവന്‍ വില 80,320 രൂപയുമാണ്

Dhanam News Desk

സർവകാല റെക്കോർഡ് രേഖപ്പെടുത്തി സ്വര്‍ണ വില. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 12,210 രൂപയും പവന് 97,680 രൂപയുമായതോടെയാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. കേരളത്തില്‍ ഒക്ടോബര്‍ 17ന് കുറിച്ച റെക്കോഡ് റേറ്റായ 97,360 രൂപയാണ് ഇന്ന് ഭേദിച്ചത്.

18 കാരറ്റ് സ്വര്‍ണവിലയും റെക്കോഡ് നിലവാരത്തിലാണ്. ഗ്രാമിന് 10,040 രൂപയും പവന്‍ വില 80,320 രൂപയുമാണ്. 14 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,820 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,045 രൂപയുമാണ് ഉച്ചക്ക് ശേഷമുളള വില. വെള്ളി വില ഗ്രാമിന് 201 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഔൺസ് സ്വർണത്തിൻ്റെ വില ഏകദേശം 4,305 ഡോളറിനടുത്താണ് വ്യാപാരം ചെയ്യുന്നത്. യു.എസ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വർണം 7 ആഴ്ചയിലെ ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ദുർബലമായ ഡോളർ ഇൻഡക്സും (DXY), ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണത്തിന് ബുള്ളിഷ് പിന്തുണ നൽകുകയാണ്. അതിനാൽ വില ഉയർന്ന നിലയിൽ തന്നെ തുടരാനും സമീപഭാവിയിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കാനും സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡോളറിനെതിരെ രൂപ റെക്കോർഡ് താഴ്ചയിലെത്തിയതും സ്വര്‍ണ വിലയെ ബാധിച്ചു. ഇന്ന് (വെളളിയാഴ്ച) ഡോളറിനെതിരെ പുതിയ റെക്കോർഡ് താഴ്ചയായ 90.56 ൽ എത്തി. ആഗോളതലത്തിൽ സ്വര്‍ണം, വെളളി ലോഹങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കാർ ഡോളർ കൂടുതൽ വാങ്ങിക്കൂട്ടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

ആഭരണം വാങ്ങാന്‍

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി സഹിതം 1,00,664 രൂപയെങ്കിലും നല്‍കേണ്ടതായി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരാന്‍ സാധ്യതയുളളതിനാല്‍ അത് വിലയിലും പ്രതിഫലിക്കും.

Kerala gold price update noon 12 December 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT