സംസ്ഥാനത്ത് സ്വർണ വില ഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 80 രൂപ കൂടി 13,525 രൂപയും പവന് 640 രൂപ കൂടി 1,08,200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ കൂടി 11,115 രൂപയും 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 8,655 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ കൂടി 5,585 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധന 8,720 രൂപയാണ്. തിങ്കളാഴ്ച 99,480 രൂപയായിരുന്നു പവന്റെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ശ്രദ്ധേയമായ തിരിച്ചുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വിലയാണ് ബുധനാഴ്ച വർധിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ തിരിച്ചുവരവാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,580 ഡോളറിന് (USD) മുകളിലെത്തി, ഇത് ഏകദേശം 2.1% വർധനവാണ് സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ അയവുണ്ടാകുമെന്ന പ്രതീക്ഷകളും അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ കുറവും സ്വർണത്തിന് കരുത്തായി.
എങ്കിലും, പണപ്പെരുപ്പ ഭീഷണിയും പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കകളും വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങൾ തുടരാനാണ് സാധ്യത.
വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,11,499 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine