സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,025 രൂപയിലും പവന് 1,12,200 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 11,525 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8,975 രൂപയും 9 കാരറ്റ് സ്വര്‍ണ്ണത്തിന് 5,790 രൂപയുമാണ് നിലവിലെ നിരക്ക്. വെള്ളിവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 270 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോര്‍ഡ് സ്വര്‍ണവില.
അപ്രതീക്ഷിതമായ ഈ വിലക്കയറ്റം ആഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹ സീസണായതിനാല്‍ കച്ചവടത്തെ ഇത് ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
യുഎസ്-ഇറാന്‍ സമാധാന കരാറിനായുള്ള പ്രതീക്ഷകള്‍ പണപ്പെരുപ്പ ആശങ്കകള്‍ക്ക് ആശ്വാസം നല്‍കിയ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. രാജ്യന്തര സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വര്‍ധിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതും വില ഉയര്‍ത്തുന്നു.
മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ, ഇന്നലെ ഔണ്‍സ് സ്വര്‍ണവില 3 ശതമാനത്തിലധികം വര്‍ധിച്ച് 4,723 ഡോളറിലെത്തിയിരുന്നു. മാര്‍ച്ച് അവസാനത്തിന് ശേഷമുള്ള സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ഇന്ന് 4,753 ഡോളര്‍ വരെ ഉയര്‍ന്നിട്ട് 4,731 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതാണ് കേരളത്തിലും വില പരിഷ്‌കരിക്കാന്‍ കാരണമായത്.
Kerala gold prices surged above Rs 1.12 lakh per sovereign amid rising global gold rates, weaker dollar trends and geopolitical developments.