Image : Canva 
Business Kerala

ഇടിവിന്റെ പാതയില്‍ തുടര്‍ന്ന് സ്വര്‍ണം, 24 മണിക്കൂറിനുള്ളില്‍ 800 രൂപയുടെ കുറവ്, ഡോളറില്‍ കിതച്ച് രാജ്യാന്തര വില

ഇന്നലെ വൈകിട്ടും സ്വര്‍ണ വിലയില്‍ ഗ്രാമിന് 55 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു

Dhanam News Desk

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 45 രൂപ താഴ്ന്ന് 1,18,960 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയുമായി. ഇന്നലെ വൈകിട്ടും സ്വര്‍ണ വിലയില്‍ ഗ്രാമിന് 55 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ പവന്‍ വിലയിലുണ്ടായിരിക്കുന്നത് 800 രൂപയുടെ കുറവ്.

18 കാരറ്റിനും ആനുപാതികമായ കുറവുണ്ട്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 12,215 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,515 രൂപയും ഒമ്പത് കാരറ്റിന് 6,135 രൂപയുമായി.

വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 280 രൂപയായി.

ഡോളറും യുദ്ധവും വില്ലന്‍

രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 5,150 ഡോളറിനടുത്ത് തുടരുന്നതാണ് കേരളത്തിലും വിലയിലിടിവുണ്ടാക്കിയത്. ഇന്നലെ 522 ഡോളര്‍ വരെ എത്തിയെങ്കിലും പിന്നീട് താഴുകയായിരുന്നു.

ആഗോളതലത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിനെ ആശ്രയിക്കുന്നത് സ്വര്‍ണവിലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അമേരിക്കയിലെ ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.4% (YoY) ആയി തുടരുന്നതായാണ് പുതിയ കണക്കുകള്‍.. എന്നാല്‍ പ്രതിമാസ CPI ജനുവരിയിലെ 0.2 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 0.3 ശതമാനമായി നേരിയ വര്‍ധന രേഖപ്പെടുത്തി.

ഈ വാര്‍ത്തകള്‍ പക്ഷേ സാമ്പത്തിക വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. നിക്ഷേപകര്‍ നിലവില്‍ ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിന് ചുറ്റും നിരന്തരമായ ആക്രമണങ്ങളും അസ്വസ്ഥതകളും നിലനില്‍ക്കുന്നുണ്ട്. ഇറാനില്‍ ഇനി ലക്ഷ്യം വെക്കാന്‍ പ്രായോഗികമായി ഒന്നുമില്ലാത്തതിനാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചെങ്കിലും, സംഘര്‍ഷം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും നിലവില്‍ കാണുന്നില്ല.

യുദ്ധം മൂലമുണ്ടായ വിതരണ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ഒടുവില്‍ സമ്മതിച്ചതാണ് വലിയൊരു നീക്കം. വിപണിയിലെ പൊതുവികാരത്തിനനുസരിച്ച് സ്വര്‍ണവില വീണ്ടും ഉയരണമെങ്കില്‍ നിലവിലെ യുദ്ധസാഹചര്യങ്ങള്‍ക്ക് ഒരു അന്ത്യം ഉണ്ടാകേണ്ടതുണ്ടെന്നാണ് നിരീക്ഷണങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT