Image : Canva 
Business Kerala

നാലാം നാള്‍ ഉയര്‍ത്തെണീറ്റ് സ്വര്‍ണം, വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്കോ? ഇന്നത്തെ നിരക്കുകള്‍ അറിയാം

വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 280 രൂപയില്‍ തുടരുന്നു

Dhanam News Desk

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. നാല് ദിവസത്തെ തുടര്‍ച്ചയായ താഴ്ചയ്ക്ക് ശേഷമാണ് വില കുതിച്ചുയര്‍ന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,600 രൂപയായി ഉയര്‍ന്നു.

ഗ്രാം വില145 രൂപ വര്‍ധിച്ച് 14,450 രൂപയായി. ഈ വര്‍ഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ് സ്വര്‍ണവില.

18 കാരറ്റിന് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11,875 രൂപയായി. 14 കാരറ്റിന് 9,245 രൂപയും 9 കാരറ്റിന് 5,960 രൂപയുമാണ് ഇന്ന് വില. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 280 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിപണിക്കൊപ്പം

രാജ്യാന്തര വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണമായത്. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ മാത്രം 50 ഡോളറോളം ഉയര്‍ന്ന് ഔണ്‍സിന് 4,495 ഡോളറിലെത്തിയിരുന്നു. ഇന്ന് രാവിലെ വ്യാപാരം പുരോഗമിക്കുമ്പോള്‍ വില വീണ്ടും ഉയര്‍ന്ന് 4,500 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ വന്‍ മുന്നേറ്റം ദൃശ്യമാണെങ്കിലും ശക്തമായ ഡോളറും യുഎസ് ഫെഡ് നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതകളും കാരണം ഇന്ന് രാവിലെ ഇന്ത്യന്‍ കമ്മോഡിറ്റി മാര്‍ക്കറ്റായ എം.സി.എക്‌സില്‍ (MCX) സ്വര്‍ണ, വെള്ളി ഫ്യൂച്ചേഴ്‌സുകളില്‍ നേരിയ ലാഭമെടുപ്പ് നടന്നു. എം.സി.എക്‌സ് ജൂണ്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.21% ഇടിഞ്ഞ് 10 ഗ്രാമിന് 1,56,600 രൂപയിലെത്തി.

യുഎസില്‍ ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വേഗത കൈവരിച്ചതിനെത്തുടര്‍ന്ന് ഡോളര്‍ ഇന്‍ഡക്‌സ് 0.10% വര്‍ധിച്ചു. ഇതാണ് എം.സി.എക്‌സിലെ വിലയെ ചെറിയ രീതിയില്‍ ബാധിച്ചത്. ഏപ്രിലിലെ യുഎസ് പി.സി.ഇ (PCE) പ്രൈസ് ഇന്‍ഡക്‌സ് പ്രതിവര്‍ഷം 3.8% ആണ് വര്‍ധിച്ചത്. ഇത് 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാണ്.

അതിനിടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായി. യുഎസും ഇറാനും തമ്മില്‍ പുതിയ എണ്ണക്കരാറില്‍ ഒപ്പുവെച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറിലേക്ക് താഴ്ന്നു. ഈ കരാറിന് ഇനി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എണ്ണവിലയിലെ ഈ ഇടിവ് 2020-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടത്തിലേക്കാണ് ബ്രെന്റ് ക്രൂഡിനെ നയിക്കുന്നത്. എണ്ണവില കുറയുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിച്ചേക്കും.

വില ഇനിയും മുന്നേറുമോ?

ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ വരും വര്‍ഷങ്ങളില്‍ സ്വര്‍ണവില ഇനിയും വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രമുഖ ആഗോള നിക്ഷേപക മാനേജ്മെന്റ് കമ്പനിയായ റോക്ക്ഫെല്ലര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2027 ഓടെ സ്വര്‍ണവില ഔണ്‍സിന് 5,500 ഡോളറിലെത്തും. 2030-ന് മുന്‍പായി ഇത് 8,000 ഡോളറിലേക്കും, ചിലപ്പോള്‍ 10,000 ഡോളറിലേക്ക് വരെ ഉയരാനും സാധ്യതയുണ്ടെന്ന് അവര്‍ പ്രവചിക്കുന്നു.

അതേസമയം, പ്രമുഖ സ്വിസ് ബാങ്കായ യുബിഎസ് (UBS) ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 5,900 ഡോളര്‍ തൊടുമെന്ന മുന്‍ പ്രവചനം നേരിയ തോതില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ കണക്കനുസരിച്ച് ഈ വര്‍ഷം അവസാനം വില 5,500 ഡോളര്‍ വരെയാകുമെന്നാണ് യുബിഎസ് വ്യക്തമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT