Image : Canva 
Business Kerala

യുദ്ധവിരാമ പ്രതീക്ഷയില്‍ ഉയര്‍ന്ന സ്വര്‍ണം വീണ്ടും താഴേക്ക്, കേരളത്തില്‍ വില ഇങ്ങനെ

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയില്‍ തുടരുന്നു.

Dhanam News Desk

ഇറാന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ ഉയര്‍ന്ന സ്വര്‍ണം ഇന്ന് താഴ്ചയിലായി. സംസ്ഥാനത്ത് ഗ്രാം വില 45 രൂപ ഇടിഞ്ഞ് 14,565 രൂപയിലെത്തി. പവന്‍ വില 360 രൂപ താഴ്ന്ന് 1,16,520 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,965 രൂപയിലാണ് ഇന്ന് വ്യാപാരം. 14 കാരറ്റിന് ഗ്രാമിന് 9,320 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,010 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,545.27 ഡോളറിലാണ് വ്യാപാരം.

യുഎസ് -ഇറാന്‍ സമാധാന കരാര്‍ ചര്‍ച്ച നടക്കുന്നതിനിടെ യുഎസ് നാവികയാനത്തിനു നേരേ വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്നു ദക്ഷിണ ഇറാനിലെ കടലില്‍ ഇറാന്റെ നിരവധി സ്പീഡ് ബോട്ടുകള്‍ക്കും മിസൈല്‍ വിക്ഷേപിണികള്‍ക്കും നേരേ യുഎസ് വ്യോമാക്രമണം നടത്തി. നിരവധി ഇറാന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. ഇത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും ഡോളറും ഉയര്‍ന്നു.

ഇത് പണപ്പെരുപ്പ ഭീഷണിയും പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യതയും വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന്‌ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് നടന്നതാണ് വിലയെ ബാധിച്ചത്.

ആഭരണം വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,26,186 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നത് മറക്കരുത്.

Gold prices in Kerala declined amid shifting Iran ceasefire hopes, global market concerns, and profit booking.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT