സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 13,160 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 1,05,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 10,770 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,425 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,435 രൂപയുമായി.
അതേസമയം, വെള്ളി വിലയില്‍ നേരിയ കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 205 രൂപയായി.
കഴിഞ്ഞ കുറച്ച് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്നലെ രാജ്യാന്തര വില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സ് സ്വര്‍ണ വില 0.52 ശതമാനം താഴ്ന്ന് 4,066 ഡോളറിലാണ് വ്യാപാരം.
ക്രൂഡോയില്‍ വില ഉയര്‍ന്നതും യു.എസ് ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിച്ചതുമാണ് സ്വര്‍ണ വില ഇടിയാന്‍ പ്രധാനകാരണം. ഡോളര്‍ ശക്തമായതോടെ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ശക്തമായതും സ്വര്‍ണ വിലയെ ബാധിച്ചു.
ഒക്ടോബര്‍ മാസത്തെ തൊഴില്‍ റിപ്പോര്‍ട്ടിലായിരുന്നു വെള്ളിയാഴ്ച പ്രഷ്യസ് മെറ്റല്‍ വിപണിയിലെ നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍.
യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം മൊത്തത്തിലുള്ള നോണ്‍-ഫാം പേറോള്‍ തൊഴിലവസരങ്ങള്‍ 1,65,000 ആയി ഉയര്‍ന്നു. ഇത് 65,000 എന്ന വിദഗ്ദ്ധരുടെ അനുമാനത്തെ ഭേദിക്കുന്നതായിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ തൊഴിലവസരങ്ങള്‍ സംയോജിപ്പിച്ച് 84,000 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. അതേസമയം തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിലെ 4.2 ശതമാനത്തില്‍ നിന്ന് 4.1 ശതമാനമായി കുറഞ്ഞു.
ഫെഡിന്റെ ദീര്‍ഘകാല ലക്ഷ്യമായ 2 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം നില്‍ക്കുന്നത്. ഈ മികച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് തൊഴില്‍ വിപണി ഇപ്പോഴും വളരെ ശക്തമാണെന്നാണ്. പലിശനിരക്ക് ഉയര്‍ത്താന്‍ ഇത് കേന്ദ്ര ബാങ്കിന് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുന്നു. ഇത് വാള്‍സ്ട്രീറ്റിന് കൂടുതല്‍ തിരിച്ചടിയായേക്കാം. സെപ്റ്റംബറില്‍ ഫെഡ് 25 അടിസ്ഥാന പോയിന്റുകള്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. കൂടാതെ ഇനിയും നിരക്ക് വര്‍ധനയുണ്ടാകുമെന്നും നയരൂപകര്‍ത്താക്കള്‍ സൂചിപ്പിച്ചിരുന്നു.
സി.എം.ഇ ഫെഡ് വാച്ച് ടൂള്‍ പ്രകാരം, ഡിസംബര്‍ 9-ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി വീണ്ടും കാല്‍ ശതമാനം നിരക്ക് വര്‍ദ്ധന നടപ്പിലാക്കാനുള്ള സാധ്യത തൊഴില്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ 73 ശതമാനത്തില്‍ നിന്ന് ഏകദേശം 79 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പലിശനിരക്ക് അന്തരീക്ഷം സ്വര്‍ണം പോലുള്ള ആദായം നല്‍കാത്ത ആസ്തികളെ പ്രതികൂലമായി ബാക്കാറുണ്ട്. കൂടാതെ ഇത് ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്യും, ഡോളറിതര കറന്‍സിയില്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണം കൂടുതല്‍ ചെലവേറിയതാക്കി മാറ്റിയേക്കാം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,14,054 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Local gold prices edged higher in Kerala, but international bullion softened as strong US employment figures bolstered rate hike expectations and pushed up the dollar and Treasury yields.
Read DhanamOnline in English
Subscribe to Dhanam Magazine