Canva
Business Kerala

ഡോളര്‍ തേഞ്ഞു, സ്വര്‍ണം കുതിച്ചു! ഒറ്റയടിക്ക് 1,760 രൂപയുടെ വര്‍ധന, സ്വര്‍ണത്തിന്റെ പോക്ക് എങ്ങോട്ട്? വെള്ളിയിലും കുതിപ്പ്

യു.എസ് ക്രെഡിറ്റ് റേറ്റ് വെട്ടിക്കുറച്ചതാണ് ഇന്നത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍

Muhammed Aslam

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ കുതിപ്പ്, ഗ്രാമിന് 220 രൂപ വര്‍ധിച്ച് 8,930 രൂപയായി. പവന് 1,760 രൂപ വര്‍ധിച്ച് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയായിരുന്നു. കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി. വെള്ളിവിലയിലും ഇന്ന് കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 109 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഡോളറില്‍ തട്ടി സ്വര്‍ണം

ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ യു.എസില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നികുതി കുറക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതോടെ യു.എസിലെ ധനക്കമ്മി പ്രതീക്ഷിച്ചതിലും വേഗത്തില്‍ വ്യാപിക്കുമെന്നും വിപണിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ആഴ്ച യു.എസ് ക്രെഡിറ്റ് റേറ്റിംഗ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വെട്ടിക്കുറച്ചതും സ്വര്‍ണവിലയെ മുകളിലേക്ക് ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലാഭമെടുപ്പ് വര്‍ധിച്ചതോടെ സ്വര്‍ണവിലയില്‍ കുറവുണ്ടായെങ്കിലും ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ന് വീണ്ടും കയറുകയായിരുന്നു.

നിലവില്‍ ഔണ്‍സിന് 20.95 ഡോളര്‍ വര്‍ധിച്ച് 3,303.56 ഡോളര്‍ നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ സ്വര്‍ണവ്യാപാരം. മൂഡീസിന്റെ റേറ്റ് കുറവിന് ശേഷം പ്രതികരിക്കാതിരുന്ന വിപണി കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ വാങ്ങുകയായിരുന്നു. റേറ്റ് കുറവിന്റെ ചുവട് പിടിച്ച് ആഗോള ഓഹരി വിപണികള്‍ താഴേക്ക് ഇറങ്ങിയതും വിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. കൂടാതെ ചൈനീസ് കേന്ദ്രബാങ്ക് 10 ബേസിസ് പോയിന്റും ഓസ്‌ട്രേലിയന്‍ കേന്ദ്രബാങ്ക് 25 ബേസിസ് പോയിന്റും റേറ്റ് കുറച്ചതും സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 77,315 രൂപയെങ്കിലും വേണം. ഒരു പവന്‍ സ്വര്‍ണത്തിന് 71,440 രൂപയാണ് വിലയെങ്കിലും പണിക്കൂലിയും നികുതിയും അടക്കമാണ് ഈ തുക. സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണത്തിന്റെ വ്യാപാര വില നിശ്ചയിക്കുന്നത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈനും മോഡലും അനുസരിച്ച് ഈ വിലയിലും മാറ്റം വരുമെന്നതാണ് സത്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT