Business Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം, പവന്‍ വില ₹1.14 ലക്ഷത്തിനു മുകളില്‍

ഡോളര്‍ ദുര്‍ബലതയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വിലയെ ബാധിച്ചു

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 20 രൂപ വര്‍ധിച്ച് 14,260 രൂപയായി. പവന്‍ വില 160 രൂപ ഉയര്‍ന്ന് 1,14,080 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,715 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,125 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,885 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 270 രൂപയില്‍ തുടരുന്നു. അതേസമയം ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 15 രൂപ ഉയര്‍ന്നിരുന്നു.

യുഎസ് ഡോളര്‍ ദുര്‍ബലമായതിനെത്തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചത്. അമേരിക്ക-ഇറാന്‍ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം നേരിയ തോതില്‍ കുറഞ്ഞു. അമേരിക്ക-ഇറാന്‍ ചര്‍ച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ അമേരിക്കന്‍ പലിശ നിരക്കുകളെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലുകളും ഇതിന് കാരണമായി.

ഡോളര്‍ ഇന്‍ഡക്‌സ് 0.20 ശതമാനം ഇടിഞ്ഞപ്പോള്‍, ബ്രെന്റ് ക്രൂഡ് ഓയില്‍ വില വലിയ മാറ്റങ്ങളില്ലാതെ ബാരലിന് 95 ഡോളറിന് അടുത്ത് തുടരുന്നു.

അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം തിരിച്ചുവരുന്നതിനാല്‍ സ്വര്‍ണ, വെള്ളി വിലകളില്‍ വലിയ ചാഞ്ചാട്ടം പ്രകടമാണ്. അമേരിക്കന്‍ ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിനടുത്താണ്, ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ മനോഭാവത്തിലും പുരോഗതിയുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇറാനുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക-ഇറാന്‍ യുദ്ധത്തിന് അന്തിമ വിരാമമാകുന്നത് ക്രൂഡ് ഓയില്‍ വില ഇനിയും കുറയാന്‍ കാരണമാകും. ഇത് പണപ്പെരുപ്പത്തെയും സാമ്പത്തിക മാന്ദ്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍, എണ്ണവില ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരുന്നത് പണപ്പെരുപ്പത്തിന് കാരണമാവുകയും ഈ വര്‍ഷം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും. ഇത് സ്വര്‍ണ വിലയില്‍ ഇടിവിനു കാരണമാകുമെന്നാണ് നിഗമനങ്ങള്‍.

ആഭരണമായി വാങ്ങാന്‍ ഒരുങ്ങുന്നവരോട്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,080 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,17,556 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT