Envato
Business Kerala

ഉച്ചയിറക്കം തുടര്‍ന്ന് സ്വര്‍ണം, നിലവില്‍ വില ഇങ്ങനെ, ഈ ആഴ്ച കാത്തിരുന്നവര്‍ക്ക് ലാഭം 6,880 രൂപ

ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,280 രൂപയുടെ കുറവുണ്ടായി

Dhanam News Desk

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം വിലമാറുന്ന ട്രെന്‍ഡ് തുടര്‍ന്ന് സ്വര്‍ണം. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സ് സ്വര്‍ണ വില 5,100 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 5,400 ഡോളറിന് മുകളിലെത്തിയതാണ്. ‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തതലത്തില്‍ എണ്ണ വില ഉയര്‍ന്നതോടെ വിലക്കയറ്റം ഉയരുകയും ഡോളര്‍ തിരിച്ചുകയറുകയും ചെയ്തത് വില ഇടിവിലേക്ക് നയിച്ചു.

എന്നാല്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ആളുകള്‍ തയാറായതോടെ ഡിമാന്‍ഡ് ഉയരുന്നുണ്ട്. അതാണ് വില വലിയ തോതില്‍ ഇടിയാതെ പിടിച്ചു നിര്‍ത്തിയത്.

ചെറുകാരറ്റുകള്‍ക്കും വിലക്കുറവ്

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,135 രൂപയായി. 14 കാരറ്റിന് 9,450 രൂപയും ഒമ്പത് കാരറ്റിന് 6,090 രൂപയുമാണ് വില.

ഇന്ന് രാവിലെ 22 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലും പവന് 560 രൂപ താഴ്ന്ന് 1,18,880 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. രാജ്യന്തര വിലയക്കനുസരിച്ച് ഉച്ചയ്ക്ക് 2.57നാണ് വില പുതുക്കിയത്. ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,280 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാകട്ടെ പവന്‍ വിലയിലുണ്ടായത് 6,880 രൂപയുടെ കുറവാണ്.

ആഭരണ പ്രേമികള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും നേരിയ ആശ്വാസം പകരുന്നതാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ നീക്കം. എന്നാല്‍ ആഗോള രാഷ്ട്രീയ അസ്ഥിരത തുടരുന്നത് സമീപഭാവിയില്‍ തന്നെ വില ഉയര്‍ത്താന്‍ ഇടയാക്കിയേക്കുമെന്ന നിരീക്ഷണങ്ങളും ശക്തമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT