Business Kerala

പാലക്കാട് സ്മാര്‍ട്ട് സിറ്റി ട്രാക്കിലേക്ക്, 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം

പദ്ധതി പൂര്‍ത്തിയായാല്‍ ഒരുലക്ഷം പേര്‍ക്ക് തൊഴിലവസരം, 10,000 കോടിയുടെ നിക്ഷേപം

Dhanam News Desk

കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെ.ബി.ഐ.സി) പദ്ധതിക്ക് വേണ്ടി 105.2631 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ അനുമതി. പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് കൈമാറുന്നത്. 3,815 കോടി രൂപ ചെലവില്‍ പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രത്യേക ഉദ്ദേശ കമ്പനിയാണിത് (എസ്.വി.പി).

ഇടനാഴിയില്‍ അവസരങ്ങളുടെ മഹാനഗരം

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയില്‍ ഉള്‍പ്പെട്ട പ്രധാന കേന്ദ്രമാണ് പാലക്കാട് സ്ഥാപിക്കുന്ന വ്യവസായിക സ്മാര്‍ട്ട് സിറ്റി. ഇതിന് വേണ്ട 1,710 ഏക്കര്‍ ഭൂമി 1,719.92 കോടി രൂപ ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാതിനാല്‍ ഭൂമിയേറ്റെടുക്കേണ്ടത് സംസ്ഥാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ട പണം മുടക്കേണ്ടത് കേന്ദ്രത്തിന്റെയും ചുമതലയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയും നല്‍കും. പദ്ധതിക്ക് വേണ്ട ബാക്കി കേന്ദ്രവിഹിതം കൈമാറുമ്പോള്‍ അതിന് തുല്യമായ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറും.

ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്ന പദ്ധതിയിലൂടെ ഒരുലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 10,000 കോടി രൂപയുടെ നിക്ഷേപം ഇവിടെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT