image credit : canva 
Business Kerala

കേരളത്തില്‍ ₹72,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി 4 പ്രമുഖ കമ്പനികള്‍: ഹൈഡ്രജന്‍, അമോണിയ പ്ലാന്റുകള്‍ സ്ഥാപിക്കും

നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുത തീരുവ ഒഴിവാക്കാന്‍ ആലോചന

Dhanam News Desk

കേരളത്തില്‍ ഹൈഡ്രജന്‍, അമോണിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നാല് പ്രമുഖ കമ്പനികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 72,760 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി റിപ്പോര്‍ട്ട്. 2040ല്‍ കേരളത്തെ പൂര്‍ണമായും പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ഗ്രീന്‍ ഹൈഡ്രജന്‍ നയത്തിന്റെ ഭാഗമായാണ് പുതിയ നിക്ഷേപങ്ങളെത്തിയത്. ഇത്തരത്തില്‍ പല കമ്പനികളില്‍ നിന്നും നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് വരികയാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇക്കണോമിക്‌സ് ടൈംസ് എനര്‍ജി വേള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇത്തരം പദ്ധതികളില്‍ 275 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കുകയും 25 വര്‍ഷത്തേക്ക് വൈദ്യുത തീരുവ ഒഴിവാക്കി നല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദിഷ്ട ഹരിത ഹൈഡ്രജന്‍ നയത്തിലുള്ളത്. നാല് കമ്പനികളാണ് നിലവില്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഇതില്‍ ഒരു കമ്പനി കേരളത്തില്‍ രണ്ടിടങ്ങളില്‍ നിക്ഷേപം നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പരിശോധന നടത്തിവരികയാണ്. ഊര്‍ജ, ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഹരിത ഹൈഡ്രജന്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം മാത്രമാണ് ബാക്കി.

വിഴിഞ്ഞത്തും ഹൈഡ്രജന്‍ പ്ലാന്റ്

റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ റിന്യു (ReNew) വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് 26,400 കോടി രൂപയുടെ വന്‍കിട ഹരിത ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രതിവര്‍ഷം 220 കിലോ ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റ് വഴി 1,100 കിലോ ടണ്‍ അമോണിയയും ഉത്പാദിപ്പിക്കാനാകും. തുടക്കത്തില്‍ പ്രതിവര്‍ഷം 100 കിലോ ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും. പിന്നീട് ഓരോ മൂന്നു വര്‍ഷത്തിലും 500 കിലോ ടണ്‍ വീതം ഉത്പാദനശേഷി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 5,000 പേര്‍ക്ക് നേരിട്ടും നിര്‍മാണവുമായി ബന്ധപ്പെട്ട് 18,000 പേര്‍ക്കും തൊഴില്‍ ലഭിക്കും, നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു കമ്പനി 30,000 കോടി രൂപയുടെ നിക്ഷേപം നടത്താമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്താണ് ഹരിത ഹൈഡ്രജന്‍

വൈദ്യുതി ഉപയോഗിച്ച് ജലത്തില്‍ നിന്നും ഇലക്‌ട്രോളിസിസ് എന്ന പ്രക്രിയയിലൂടെ വേര്‍തിരിക്കുന്ന പദാര്‍ത്ഥമാണ് ഗ്രീന്‍ ഹൈഡ്രജന്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ബ്രൗണ്‍ ഹൈഡ്രജന്‍ സ്റ്റീം മീഥെയ്ന്‍ റീഫോര്‍മേഷന്‍ (എസ്.എം.ആര്‍) എന്ന പ്രക്രിയയിലൂടെയാണ് വേര്‍തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ ഭാഗമായി ഹരിത ഹൈഡ്രജന് കൃത്യമായ നിര്‍വചനം നല്‍കിയിട്ടുണ്ട്. ഉത്പാദനത്തിന്റെ ഭാഗമായി ബാക്കി വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള മാലിന്യങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഗതാഗതം, ഷിപ്പിംഗ്, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ഹരിത ഹൈഡ്രജന്‍ ഉപയോഗം വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഫോസില്‍ ഇന്ധനം ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന അമോണിയ, മെഥനോള്‍, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളിലും ഉപയോഗിക്കാം. വാഹനങ്ങളിലെ ഫ്യൂവല്‍ സെല്ലുകളായി ഹരിത ഹൈഡ്രജന്‍ ഉപയോഗിച്ച് തുടങ്ങുന്നത് ഗതാഗത രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT