Business Kerala

ട്രെൻഡായ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ മുതല്‍ രത്‌നാഭരണങ്ങള്‍ വരെ; രാജ്യാന്തര ജുവലറി ഫെയര്‍ ഒക്ടോബര്‍ 31 മുതല്‍ കൊച്ചിയില്‍

ചെറുകിട വ്യാപാരികള്‍ക്ക് ആഭരണ പ്രദര്‍ശനം ഭാവി വ്യാപാരത്തിന് മുതല്‍കൂട്ടാവും, ഫെയര്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

Dhanam News Desk

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജുവലറി ഫെയര്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2, തിയതികളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 31ന് രാവിലെ 9.30ന് സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പതാക ഉയര്‍ത്തും. 10.30ന് രാജ്യാന്തര ഫെയര്‍ ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും.

എം.എല്‍.എ മാരായ റോജി. എം. ജോണ്‍, കെ.ജെ. മാക്‌സി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജി.ജെ.സി ചെയര്‍മാന്‍ രാജോഷ് റോക്കോ ഡെ, വൈസ് ചെയര്‍മാന്‍ അവിനാഷ് ഗുപ്ത എന്നിവര്‍ പങ്കെടുക്കും.

വിദേശ ആഭരണ സ്റ്റാളുകള്‍

ഇറ്റലി, തുര്‍ക്കി, സിംഗപ്പൂര്‍, ദുബൈ, ചൈന തുടങ്ങി വിദേശ നിര്‍മിതമായ ആഭരണ സ്റ്റാളുകളും, ജയ്പൂര്‍ ട്രഡീഷണല്‍, രാജ്‌കോട്ട്, കൊല്‍ക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും, ആഭരണമൊത്ത വ്യാപാരികളും ജുവലറി ഫെയറില്‍ പങ്കെടുക്കും. 150 ലേറെ സ്റ്റാളുകളുകള്‍ ഫെയറില്‍ ഉണ്ടാകും. ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡായിട്ടുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് പുറമെ രത്‌നാഭരണങ്ങളും, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോള്‍ഡ്, വെള്ളി ആഭരണങ്ങളും പ്രദര്‍ശനത്തിനുണ്ടാവും. ചെറുകിട വ്യാപാരികള്‍ക്ക് ഇത്തരം ആഭരണ പ്രദര്‍ശനം ഭാവി വ്യാപാരത്തിന് മുതല്‍കൂട്ടാവും.

വില കുറയാന്‍ സാധ്യത

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ കലുഷിതമാക്കുന്നുണ്ട്. ഇതാണ് സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. വ്യാപാരികള്‍ക്ക് താല്‍പ്പര്യം സ്വര്‍ണ വില മീഡിയം റേഞ്ചില്‍ നില്‍ക്കുന്നതാണ്. അപ്പോഴാണ് കൂടുതല്‍ ആളുകള്‍ ജുവലറികളില്‍ എത്തുകയും വില്‍പ്പന വര്‍ധിക്കുകയും ചെയ്യുക. സമീപ ഭാവിയില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി കെ.എം ജലീല്‍, ട്രഷറര്‍ ബിന്ദു മാധവ്, വര്‍ക്കിങ് പ്രസിഡന്റ് റോയ് പാലത്ര, വര്‍ക്കിങ് ജനറല്‍ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വര്‍ക്കിങ് സെക്രട്ടറി ജോയ് പഴയമഠം, സെക്രട്ടറി ഹാഷിം കോന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kerala International Jewellery Fair to showcase trending lightweight and gemstone ornaments in Kochi from October 31.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT