ഇൻസൈറ്റിൽ വ്യവസായ വകുപ്പ് മന്ത്രി, പി.കെ കുഞ്ഞാലിക്കുട്ടി (ഇടത്), സ്നേ​ഹിൽ കുമാർ സിങ് ഐഎഎസ്, എംഡി, കെഎസ്ഐഡിസി  Image Source: Dhanam Business Media
Business Kerala

നിക്ഷേപ അനുമതികൾക്ക് 75 ദിവസത്തെ സമയപരിധി; വിദേശ നിക്ഷേപത്തിനായി അഞ്ച് നഗരങ്ങളിൽ കേരള ഡെസ്‌കുകൾ

നിക്ഷേപം ആകര്‍ഷിക്കുന്നതിനും പദ്ധതി അനുമതികള്‍ വേഗത്തിലാക്കുന്നതിനുമുള്ള കര്‍മപദ്ധതിയുടെ നടത്തിപ്പ് ചുമതല കെഎസ്‌ഐഡിസിക്കാണ്

Dhanam News Desk

കേരള സര്‍ക്കാര്‍ നിക്ഷേപ അനുമതികള്‍ വേഗത്തിലാക്കാന്‍ 75 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് പ്രധാന നഗരങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും. പുതിയ ചട്ടക്കൂട് വഴി നിക്ഷേപ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം, സാങ്കേതിക പരിശോധന, അനുമതി സമിതികള്‍ എന്നിവയിലൂടെ കാര്യക്ഷമത ഉറപ്പാക്കും.

വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനുമായി സമഗ്രമായ പുതിയ നിക്ഷേപ ചട്ടക്കൂടൊരുക്കി കേരള സര്‍ക്കാര്‍. ഇന്‍വെസ്റ്റ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നൂറുദിന ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണിത്. സംരംഭക അനുമതികള്‍ക്കായി ഏകീകൃത നിയമ അതോറിറ്റി, പ്രത്യേക ഇന്‍വെസ്റ്റര്‍ ഫസിലിറ്റേഷന്‍ സെല്‍, വിദേശ നിക്ഷേപ ഡെസ്‌കുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് (KSIDC) ഇതിന്റെ ഏകോപന ചുമതല.

സരള്‍ കേരളം പദ്ധതി

നിക്ഷേപാനുമതികളിലെ കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള സരള്‍ കേരളം (Simplified & Accelerated Regulatory Approvals and Licensing) ആണ് ഇതിലെ പ്രധാന പരിഷ്‌കരണം. 25 കോടി രൂപയില്‍ കൂടുതല്‍ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ക്കായി ഒരു സംസ്ഥാനം-ഒരു അനുമതി-ഒരു രേഖ സംവിധാനം ഇതുവഴി നടപ്പാക്കും. നിക്ഷേപ പദ്ധതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി അനുമതി ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം വലിയ തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

50 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം വേണ്ടിവരുന്ന പദ്ധതികള്‍ ആദ്യം വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ലെവല്‍ റഫറല്‍ കം അപ്രൈസല്‍ കമ്മിറ്റിയുടെ പരിശോധനക്ക് വിധേയമാക്കും. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്റ്ററാണ് ഇതിന്റെ കണ്‍വീനര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല അനുമതി സമിതിയാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത്. 25 കോടി മുതല്‍ 50 കോടി രൂപവരെയുള്ള പദ്ധതികള്‍ ജില്ലാ കലക്റ്ററുടെ അധ്യക്ഷതയിലുള്ള സമിതിയാണ് കൈകാര്യം ചെയ്യുക. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജരാണ് കണ്‍വീനര്‍. 25 കോടി രൂപവരെയുള്ള പദ്ധതികള്‍ നിലവിലുള്ള സംവിധാനത്തിന് കീഴില്‍ തുടരും.

അപേക്ഷ പൂര്‍ണമായി സമര്‍പ്പിച്ച്, 75 ദിവസത്തിനകം അന്തിമ അനുമതി നല്‍കും. രജിസ്‌ട്രേഷനും വകുപ്പുകളിലേക്ക് അയക്കാനും 10 ദിവസവും സാങ്കേതിക പരിശോധനക്ക് 30 ദിവസവും അപ്പീല്‍/പരിശോധന ബോര്‍ഡിന് 15 ദിവസവും ക്ലിയറന്‍സ് അതോറിറ്റിയുടെ തീരുമാനത്തിന് 20 ദിവസവുമാണ് സമയം. അവസാനം നിക്ഷേപകന് ഇന്റഗ്രേറ്റഡ് എന്റര്‍പ്രൈസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അനുമതികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി ഉണ്ടാകും.

ഇന്‍വെസ്റ്റ് കേരളം സെല്ലും ആഗോള ഡെസ്‌കുകളും

ഭൂമി അനുവദിക്കല്‍, അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവക്കായി കെഎസ്‌ഐഡിസിക്ക് കീഴില്‍ ഇന്‍വെസ്റ്റ് കേരളം സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡാറ്റ അടിസ്ഥാനമാക്കിയുള്ളതും നിര്‍മിത ബുദ്ധി പിന്തുണയുള്ളതുമായ ഏകജാലക സംവിധാനമാണിത്. കൂടാതെ, പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്കിയോ എന്നിവിടങ്ങളില്‍ കേരള ഡെസ്‌കുകള്‍ ആരംഭിക്കും.

പുതിയ സംവിധാനത്തിലൂടെ സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിദേശ കുടിയേറ്റം കുറക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Kerala is introducing a 75-day statutory approval framework for investments above ₹25 crore, alongside an investor facilitation cell and proposed diaspora-linked investment desks in five global cities.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT