പ്രതീകാത്മക ചിത്രം Image Source: AI Generated
Business Kerala

വാട്ടർ ടാങ്കും ടിൻ ഷീറ്റും; ഇടിമിന്നൽ ഭീഷണി എങ്ങനെ വീടിനകത്തേക്ക് എത്തുന്നു? കുറഞ്ഞ ചെലവിൽ പരിഹാരമുണ്ടോ?

ശരിയായ എർത്തിങ്, സർജ് പ്രൊട്ടക്ഷൻ, സുരക്ഷിതമായ ഇൻസ്റ്റലേഷൻ എന്നിവ ഇടിമിന്നലിന്റെ അപകടസാധ്യത കുറയ്ക്കും; അനുയോജ്യമായ ഇൻഷുറൻസ് പോളിസി സാമ്പത്തിക നഷ്ടം കുറയ്ക്കാനും സഹായിക്കും

Pintu Prakash

ഇടിമിന്നലിന്റെ ഭീഷണി വീടുകളിലും സാമ്പത്തിക സുരക്ഷയിലും വലിയ ആഘാതം സൃഷ്ടിക്കുന്നു. വാട്ടർ ടാങ്കുകൾ, ടിൻ ഷീറ്റുകൾ, ദുർബലമായ എർത്തിങ് സംവിധാനം എന്നിവ അപകട സാധ്യത വർധിപ്പിക്കുന്നു. ചെറുകിട വ്യവസായങ്ങൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നു. കുറഞ്ഞ ചെലവിൽ എർത്തിങ് സംവിധാനങ്ങളും സർജ് പ്രൊട്ടക്ഷൻ ഡിവൈസുകളും ഉപയോഗിച്ച് അപകടങ്ങൾ കുറയ്ക്കാം.

ഒക്ടോബർ 20-ന് നെടുമ്പനയിലെ വീടിന്റെ അടുക്കളയിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് 28 വയസ്സുള്ള ശ്രീദേവിയ്ക്കും അഞ്ചു വയസ്സുകാരൻ മകൻ ആദിദേവിനും ഇടിമിന്നലേറ്റത്. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു, വയറിങ് കത്തിനശിച്ചു, ഭിത്തികളിൽ വിള്ളലുണ്ടായി. ഇരുവരും തിരുവനന്തപുരത്തെ ആശുപത്രിയിൽ വി​ദ​ഗ്ധ ചികിത്സയിൽ കഴിയുകയാണ്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒക്ടോബർ 6-ന് പാലക്കാട് ഒലവക്കോട്ട് ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ വാടകവീട് കത്തിനശിച്ചു. ഉപജീവനമാർഗമായ തുണിത്തരങ്ങളുടെ സ്റ്റോക്കും അതിൽ നഷ്ടമായി. ഇടിമിന്നൽ ഏറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ്. പക്ഷേ സമീപകാലത്തെ അപകട സംഭവങ്ങളിൽ നിന്നും തെളിയുന്ന ചിത്രം വെളിവാക്കുന്നത്, വീടുകളിലെ വയറിങ്ങിനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കും ഏൽക്കുന്ന ആഘാതം എത്ര വലുതാണെന്നാണ്.

അടുത്തുള്ള മൊബൈൽ ടവർ നിങ്ങളുടെ വീട് രക്ഷിക്കില്ല

ഉയരമുള്ള ടെലികോം (മൊബൈൽ) ടവറുകൾ മിന്നലിനെ വീടുകളിൽ നിന്ന് അകറ്റുമെന്നാണ് പൊതുധാരണ. മിക്കപ്പോഴും അങ്ങനെയല്ല. ടവറിന്റെ ഉയരവും രൂപകൽപ്പനയും അനുസരിച്ച്, അതിന്റെ സംരക്ഷണ പരിധി (Protection Zone) ഏതാനും മീറ്ററുകൾക്കുള്ളിൽ മാത്രമാണ്. നൂറുകണക്കിന് മീറ്റർ അകലെയുള്ള വീട് ആ സുരക്ഷിത പരിധിക്ക് പുറത്താണ്.

അന്തരീക്ഷത്തിൽ നിന്ന് താഴേക്ക് വരുന്ന വൈദ്യുത ചാർജിലേക്ക് (Downward Leader) ആദ്യം ബന്ധിപ്പിക്കുന്ന 'സ്ട്രീമർ' (Streamer) അയയ്ക്കുന്ന ഘടനകളിലേക്കാണ് സാധാരണയായി മിന്നൽ ആകൃഷ്ടമാകുന്നത്. നിർഭാഗ്യവശാൽ, വീടിന്റെ മേൽക്കൂരയ്ക്കോ ഉയരത്തിലിരിക്കുന്ന വാട്ടർ ടാങ്കിനോ ടെറസിലെ വയറിങ്ങിനോ ഒക്കെ ഇതിന് കഴിയാം.

മിന്നൽ പതിക്കുന്ന കൃത്യം സ്ഥലത്ത് മാത്രമായി ഇതിന്റെ പ്രത്യാഘാതങ്ങൾ ഒതുങ്ങിനിൽക്കാറില്ല എന്നതാണ് സുരക്ഷാ വെല്ലുവിളി കൂട്ടുന്നത്. മിന്നലിൽ നിന്നുണ്ടാകുന്ന അതിശക്തമായ സർജ് കറന്റ് (Surge Current) ഭൂമിയിലൂടെ വൻതോതിൽ പടരാൻ സാധ്യതയുണ്ട്. കെ.എസ്.ഇ.ബി സർവീസ് ലൈനുകൾ, ടെലിഫോൺ-കേബിൾ കണക്ഷനുകൾ, ലോഹ പ്ലംബിങ് പൈപ്പുകൾ എന്നിവ വഴി അതിശക്തമായ ഈ വൈദ്യുത തരം​ഗങ്ങൾ വീടുകളിലേക്കും അതിവേ​ഗം എത്തുന്നു. ചുരുക്കത്തിൽ, മൊബൈൽ ടവർ അടുത്തുണ്ടെന്ന് കരുതി വീടുകൾക്ക് മിന്നൽരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരിക്കുന്നത് വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകും.

കേരളത്തിലെ വീടുകളുടെ 3 പ്രധാന സുരക്ഷാ പാളിച്ചകൾ

മാറിവരുന്ന കാലാവസ്ഥയും ശക്തിയായ ഇടിമിന്നലും കേരളത്തിലെ വീടുകൾക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികൾ അത്ര നിസ്സാരമല്ല. വീടുകളിലെ 3 പ്രധാന സുരക്ഷാ പാളിച്ചകൾ ചുവടെ ചേർക്കുന്നു.

  1. എർത്ത് ചെയ്യാത്ത ലോഹഭാഗങ്ങൾ: ടെറസിലെ വാട്ടർ ടാങ്കിലേക്കുള്ള പൈപ്പുകളും വീടിനോട് ചേർന്നുള്ള എക്സ്റ്റൻഷനുകളിലെ ടിൻ ഷീറ്റുകളും നേരിട്ട് ഇടിമിന്നലിനെ ആകർഷിക്കുന്നില്ലെങ്കിലും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്താം. ശരിയായ എർത്ത് കണക്ഷനില്ലാത്ത ഇത്തരം ലോഹഭാഗങ്ങൾ, സർജ് കറന്റിനെ ആളുകൾ നിൽക്കുന്ന ഇടത്തേക്ക് നേരിട്ട് എത്തിക്കാം. ഇടിമിന്നലുള്ള സമയങ്ങളിൽ ടിൻ ഷീറ്റുകൾകൊണ്ടുള്ള ഷെഡുകൾ ഒരിക്കലും സുരക്ഷിത താവളമല്ല.

  2. ദുർബലമായ എർത്തിങ് സംവിധാനം: പല വീടുകളും കൃത്യമായി പരിപാലിക്കാത്തതോ അറ്റകുറ്റപ്പണികൾ നടത്താതോ ആയ ഒരൊറ്റ എർത്ത് പിറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രതിരോധം (റെസിസ്റ്റൻസ്) കൂടിയ ഇത്തരം എർത്തിങ് സംവിധാനങ്ങൾക്ക് സർജ് കറന്റിനെ ഭൂമിയിലേക്ക് കടത്തിവിടാൻ സാധിക്കില്ല. മാരകമായ ഈ വൈദ്യുതി പ്രവാഹത്തെ നേരെ വീടുകളിലെ സ്വിച്ച് ബോർഡുകളിലേക്കും ടിവി, ഇൻവെർട്ടർ തുടങ്ങിയ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളിലേക്ക് വഴിമാറ്റിവിടുന്നു.

  3. സർജ് പ്രൊട്ടക്ഷന്റെ അഭാവം: വൈദ്യുത സുരക്ഷയ്ക്കായി താരതമ്യേന കുറഞ്ഞ ചെലവിൽ ലഭ്യമായ പ്രതിരോധ മാർ​ഗമാണ് സർജ് പ്രൊട്ടക്റ്റീവ് ഡിവൈസ് (SPD). എന്നാൽ കേരളത്തിലെ മിക്ക വീടുകളുടെയും പ്രധാന ഡിസ്ട്രിബ്യൂഷൻ ബോർഡുകളിൽ എസ്.പി.ഡി സംവിധാനം ഇന്നും അന്യമാണ്.

തകരുന്ന സമ്പാദ്യം; ചെറുകിട വ്യവസായങ്ങൾക്ക് കനത്ത പ്രഹരം

ഉയർന്ന ആവൃത്തിയും (High Frequency) ഇടത്തരം തീവ്രതയുമുള്ള ഇടിമിന്നലുകൾ ഇന്ന് വലിയ സാമ്പത്തിക നഷ്ടമായി മാറിക്കൊണ്ടിരിക്കുന്നു. സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് കത്തിപ്പോയ വൈദ്യുത മീറ്ററുകളുടേയും ഗാർഹിക ഉപകരണങ്ങളുടേയും നാശനഷ്ടത്തിലാണ് ഇത് കലാശിക്കുന്നതെങ്കിൽ കോൾഡ് സ്റ്റോറേജുകൾ, തകരഷെഡ്ഡിലുള്ള കോഴിഫാമുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്ക് (MSME) ഒരു മിന്നൽ മതി ലക്ഷങ്ങളുടെ വിലയുള്ള സ്റ്റോക്കും ഇലക്ട്രോണിക് യന്ത്രസാമ​ഗ്രികളും പൂർണമായി നശിച്ചുപോകാം. ആഴ്ചകളോളം പ്രവർത്തനം നിലയ്ക്കാനും. സാമ്പത്തിക നഷ്ടത്തിന് പുറമെ, ഉപകരണങ്ങൾ കൂടി തകരാറിലാകുന്നതോടെ ആഴ്ചകളോളം ഉത്പാദനം തടസ്സപ്പെടുന്ന സാഹചര്യവും കടുത്ത പ്രതിസന്ധിയിലേക്കാണ് ഇവരെ തള്ളിവിടുന്നത്.

ഇൻഷുറൻസ് പരിരക്ഷയിലെ വിടവ്

ഇടിമിന്നൽ മൂലമുണ്ടാകുന്ന അപകടങ്ങളെത്തുടർന്ന് നേരിടുന്ന വൻ സാമ്പത്തിക ബാധ്യതയിൽ കുടുംബങ്ങൾ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത് വീടുകൾക്ക് കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാലാണ്. സ്റ്റാൻഡേർഡ് ഫയർ ആൻഡ് അലൈഡ് പെരിൽസ് (Fire and Allied Perils) പോളിസികളിലും ഐ.ആർ.ഡി.എ.ഐ (IRDAI) നിഷ്കർഷിക്കുന്ന ഭാരത് ഗൃഹ രക്ഷാ പോളിസിയിലും ഇടിമിന്നൽ മൂലമുള്ള നഷ്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഭൂരിഭാഗം വീടുകൾക്കും ഇത്തരത്തിലുള്ള ഒരു ഇൻഷുറൻസ് പരിരക്ഷയുമില്ല എന്നതാണ് യാഥാ‍ർത്ഥ്യം. ഇനി ഉള്ളവയിൽ പലതും കെട്ടിടത്തിന് മാത്രമാണ് ഇൻഷുറൻസ് എടുത്തിട്ടുള്ളത്, വീടിനുള്ളിലെ ഇലക്ട്രോണിക്സ് വസ്തുക്കൾക്കല്ല.

ഈ സാഹചര്യത്തിൽ ഹോം ഇൻഷുറൻസ് ഉള്ള പോളിസി ഉടമകൾ പ്രധാനമായും 3 കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്:

  • ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പരിരക്ഷയുണ്ടോ? പലപ്പോഴും ഇത് പ്രധാന പോളിസിക്ക് പുറമെ 'ആഡ്-ഓൺ' (Add-on) ആയി എടുക്കേണ്ടി വരാറുണ്ട്.

  • ഇടിമിന്നൽ കാരണമാണ് തകരാർ സംഭവിച്ചതെന്ന് കൃത്യമായി തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ കേവലം 'ഷോർട്ട് സർക്യൂട്ട്' എന്ന് കാണിച്ച് ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിച്ചേക്കാം. അതിനാൽ അപകടം നടന്നാലുടൻ ചിത്രങ്ങൾ, കെ.എസ്.ഇ.ബി പരിശോധനാ റിപ്പോർട്ട്, ഇൻഷുറൻസ് സർവേയറുടെ കണ്ടെത്തലുകൾ എന്നിവ കൃത്യമായി ശേഖരിക്കണം.

  • ഇൻഷ്വേർഡ് തുക (Sum Insured) നിശ്ചയിക്കേണ്ടത് വസ്തുവിന്റെ വിപണി മൂല്യത്തിനനുസരിച്ചല്ല, മറിച്ച് വീട് പുനർനിർമിക്കാനോ വാങ്ങാനോ ഉള്ള നിലവിലെ ചെലവ് കണക്കാക്കിയായിരിക്കണം. അതേസമയം ചെറുകിട വ്യവസായ സംരംഭങ്ങളാണെങ്കിൽ തങ്ങളുടെ സ്റ്റോക്കും ഉപകരണങ്ങളും 'ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ്' പോളിസിക്ക് കീഴിൽ പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കണം. വ്യവസ്ഥകളും നിബന്ധനകളും ഇൻഷുറൻസ് കമ്പനിക്കൾക്കനുസരിച്ച് മാറാൻ സാധ്യതയുള്ളതിനാൽ പോളിസി രേഖകൾ മഴസീസണിന് മുൻപേ തന്നെ വായിച്ചു മനസ്സിലാക്കിയിരിക്കുന്നതാണ് ഉചിതം.

ചെലവു കുറഞ്ഞ പരിഹാരം ലഭ്യമാണോ?

സമീപകാലത്തായി എർത്തിങ് സംവിധാനങ്ങൾ, സർജ് പ്രൊട്ടക്ഷൻ ഡിവൈസുകൾ (SPD), ലൈറ്റ്നിങ് കണ്ടക്ടറുകൾ എന്നിവയ്ക്കായുള്ള ആവശ്യക്കാർ ഏറുന്നതായി കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നതിന് (Retrofitting) ശരാശരി 15,000 രൂപ മുതൽ 35,000 രൂപ വരെയാണ് നിലവിൽ ചെലവ് വരുന്നത്. മിന്നലിൽ ആളുകൾക്ക് നേരിടുന്ന അപകടങ്ങളെ തുടർന്ന് ഉണ്ടായേക്കാവുന്ന ആശുപത്രി ബില്ലുകളോ അല്ലെങ്കിൽ വിലകൂടിയ ഒരു ഉപകരണം നഷ്ടപ്പെടുന്നതോ ആയി താരതമ്യം ചെയ്യുമ്പോൾ ഇത് തുച്ഛമായ തുകയാണ്.

എന്തായാലും കേരളത്തിലെ പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ഇതുവരെ പ്രളയത്തിലും ഉരുൾപൊട്ടലിലും ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ ഇനിമുതൽ അത്തരം ചർച്ചകളിലേക്ക് നമ്മുടെ വീടുകളിലെ സ്വിച്ച് ബോർഡുകളും ഹോം ഇൻഷുറൻസും കടന്നുവരണം.

Lightning can damage household wiring and appliances in Kerala, highlighting the importance of proper earthing, surge protection, safe installation and suitable home insurance.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT