image credit : canva , KN Balagopal , Nirmala Sitaraman facebook Pages 
Business Kerala

മൂന്ന് മാസത്തേക്ക് 17,000 കോടി വേണം! അധിക വായ്പക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ പൊതുകടം 32,002 കോടി രൂപ

Dhanam News Desk

ദൈനംദിന ചെലവുകള്‍ക്കായി 17,000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 17,000 രൂപ കൂടി കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്കുള്ള കണക്കും കേരളം സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്രയും തുക അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.

കണക്കുകള്‍ ഇങ്ങനെ

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. ഇതില്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുമതി. എന്നാല്‍ പലതവണയായി 32,002 കോടി രൂപ ഡിസംബറിനുള്ളില്‍ തന്നെ കേരളം എടുത്തുതീര്‍ത്തു. ഇതിനിടയില്‍ ഓണക്കാലത്ത് 4,200 കോടി രൂപയും പബ്ലിക് അക്കൗണ്ടിലെ പണം കുറവായതിനാല്‍ 2,755 കോടി രൂപയും കേന്ദ്രം അധികമായി അനുവദിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും മൂന്ന് മാസം ബാക്കിയിരിക്കെ കേരളത്തിന് കൂടുതല്‍ പണം ആവശ്യമായി വരുമെന്ന് ഉറപ്പാണ്. ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം ഏകദേശം 15,000 കോടി രൂപ കേരളത്തിന് വേണ്ടി വരുമെന്നാണ് കണക്ക്. 12,000 കോടി രൂപ മാത്രമാണ് കേരളത്തിന്റെ ശരാശരി വരുമാനം. കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയുമാണ് ബാക്കിയുള്ള തുക കണ്ടെത്തുന്നത്.

കേന്ദ്രം കനിയുമോ

വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനസ്ഥാപിക്കുന്നതിനും കേരളത്തിന് വായ്പയെടുക്കേണ്ടത് അത്യാവശ്യമാണ്. മുടക്കം വന്നതടക്കം രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബറില്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പണമില്ലാത്തത് കാരണം നടന്നിരുന്നില്ല. കേന്ദ്രം അനുമതി നല്‍കിയാല്‍ ഒരുമാസത്തെ ക്ഷേമപെന്‍ഷനായ 850 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT