കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷന്റെ (കെഎംഡിഐഎ) പ്രവർത്തനോദ്ഘാടനം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ സാങ്കേതിക മാറ്റങ്ങൾ മെഡിക്കൽ ഉപകരണ വ്യവസായത്തിന് വലിയ അവസരങ്ങളാണ് തുറക്കുന്നത്. മെഡിക്കൽ ഉപകരണ നിർമാണത്തിൽ കേരളം ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഈ കരുത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേരളത്തിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ലോകവിപണി കണ്ടെത്തണം. പുതിയ സംരംഭങ്ങൾക്കും മെഡിക്കൽ ഡിവൈസ് പാർക്കുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാണ്. വ്യവസായ മേഖല ഒറ്റയ്ക്കല്ല, കൂട്ടായി പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കണമെന്ന കെഎംഡിഐഎയുടെ സമീപനം ഈ വളർച്ചയ്ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വ്യവസായ സംരംഭങ്ങൾക്ക് ‘സിംഗിൾ ഡോർ, സിംഗിൾ ഡോക്യുമെന്റ്, സിംഗിൾ അപ്രൂവൽ’ സംവിധാനം നടപ്പാക്കാൻ 19 നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾക്ക് വർഷങ്ങളോളം അനുമതി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി സമയബന്ധിതമായി തീരുമാനമെടുക്കും. നിക്ഷേപ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നേതൃത്വം നൽകുന്ന ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ കൗൺസിൽ നേരിട്ട് നിരീക്ഷിക്കും. കേരളത്തിന് അനുയോജ്യമായ, പരിസ്ഥിതി സൗഹൃദവും വിജ്ഞാനാധിഷ്ഠിതവുമായ വ്യവസായമാണ് മെഡിക്കൽ ഉപകരണ മേഖലയെന്നും സംസ്ഥാനത്തിന്റെ വലിയ ടാലന്റ് പൂളിനെ പ്രയോജനപ്പെടുത്തി ഈ രംഗത്ത് കൂടുതൽ നിക്ഷേപവും സ്ഥാപനങ്ങളും കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ സർക്കാർ നയങ്ങളും മുന്നോട്ടുള്ള സാധ്യതകളും വിശദീകരിച്ചു. കെഎംഡിഐഎ പ്രസിഡന്റ് തോമസ് ജോൺ; സെക്രട്ടറി ടി.സി. ജയശങ്കർ; ഡോ. സതീഷ് കുമാർ സി.എസ്, സിഇഒ, കെഎംഡിഐഎ; കെഎംടിസി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാർ; കെഎംഡിഐഎ ട്രഷറർ ബിനു അഗസ്റ്റിൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
കെഎംഡിഐഎ സ്ട്രാറ്റജിക് റോഡ്മാപ്പ് 2026-2031 വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി. സംസ്ഥാനത്തെ മെഡിക്കൽ ഉപകരണ ഉൽപാദനം നിലവിലെ ₹6,500-7,500 കോടിയിൽനിന്ന് 2031-ഓടെ ₹25,000 കോടിയിലേറെയായി ഉയർത്തുന്നതിനുള്ള കർമപദ്ധതിയാണ് റോഡ്മാപ്പെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഇലക്ട്രോണിക്സ്, ഇൻ-വിട്രോ ഡയഗ്നോസ്റ്റിക്സ്, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ തുടങ്ങിയ മേഖലകളിലേക്കും കേരളത്തിന്റെ ഉൽപാദനശേഷി വ്യാപിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ ഡിവൈസസ് സിറ്റി സ്ഥാപിക്കാനും റോഡ്മാപ്പ് നിർദേശിക്കുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ പ്രാരംഭ നിക്ഷേപമില്ലാതെ ഉൽപാദനം തുടങ്ങാൻ കഴിയുന്ന പ്ലഗ് ആൻഡ് പ്ലേ സംവിധാനങ്ങൾ, ഐഎസ്ഒ ക്ലാസ് 5-8 ക്ലീൻറൂമുകൾ, അംഗീകൃത ഗുണനിലവാര പരിശോധനാ ലാബുകൾ, പൊതുവായി ഉപയോഗിക്കാവുന്ന സ്റ്റെറിലൈസേഷൻ സൗകര്യങ്ങൾ എന്നിവ ഒരുക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടി പാലക്കാട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, എൻഐടി കോഴിക്കോട് എന്നിവയുമായി വ്യവസായബന്ധം ശക്തിപ്പെടുത്തി 20-ലേറെ ക്ലിനിക്കൽ പേറ്റന്റുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
കേരളത്തിൽ പ്രത്യേക നൈപ്പർ മെഡ്ടെക് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുക, കേന്ദ്ര സർക്കാരിന്റെ ഉൽപാദനാധിഷ്ഠിത ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കൂട്ടായ്മകൾ രൂപീകരിക്കുക, കേരളത്തിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് സംഭരണത്തിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുക എന്നിവയും റോഡ്മാപ്പിന്റെ ഭാഗമാണ്. പ്രവാസി നിക്ഷേപവും രാജ്യാന്തര വൈദഗ്ധ്യവും കേരളത്തിലെ മെഡ്ടെക് മേഖലയുമായി ബന്ധിപ്പിക്കാൻ എൻആർകെ ഗ്ലോബൽ മെഡ്ടെക് അഡ്വൈസറി കൗൺസിലും രൂപീകരിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കെഎംഡിഐഎയുടെ ത്രൈമാസ പ്രസിദ്ധീകരണമായ ‘മെഡ്ടെക് പൾസ്’ ആദ്യ ലക്കം പുറത്തിറക്കി.
സ്ഥാപിത കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ വളരാൻ കഴിയുന്ന സംയോജിത വ്യവസായാന്തരീക്ഷം സൃഷ്ടിക്കുകയാണ് കെഎംഡിഐഎയുടെ ദൗത്യമെന്ന് പ്രസിഡന്റ് തോമസ് ജോൺ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ‘കേരള മെഡ്ടെക് ഹൊറൈസൺ’ വിജ്ഞാന സെഷനുകളിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വിപണനം, നിയന്ത്രണാനുമതികൾ എന്നിവ ചർച്ചയായി.
Read DhanamOnline in English
Subscribe to Dhanam Magazine