Business Kerala

മൂന്നു ദിവസം വൈകി തെക്ക് കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിലെത്തി; പക്ഷേ ഇത്തവണ മഴ കുറയും, കാർഷിക മേഖലയ്ക്ക് ആശങ്ക

ദീർഘകാല ശരാശരിയുടെ 90 ശതമാനം മാത്രം മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; എൽ നിനോ വില്ലനായേക്കും

Dhanam News Desk

കേരളക്കര കാത്തിരുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ഇടവപ്പാതി) ഒടുവില്‍ എത്തിച്ചേര്‍ന്നു. സാധാരണയായി ജൂണ്‍ ഒന്നിന് എത്തേണ്ടിയിരുന്ന കാലവര്‍ഷം ഇത്തവണ മൂന്ന് ദിവസം വൈകിയാണ്, അതായത് ജൂണ്‍ 4 വ്യാഴാഴ്ചയോടെ ഇന്ത്യന്‍ പ്രധാന ഭൂവിഭാഗമായ കേരളത്തില്‍ ഔദ്യോഗികമായി പ്രവേശിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചു.

രാജ്യത്തെ കാര്‍ഷിക രംഗത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒന്നാണ് മണ്‍സൂണ്‍ വാര്‍ത്തകള്‍. വിപണിയില്‍ വരും ദിവസങ്ങളില്‍ ഈ മുന്നേറ്റം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് മണ്‍സൂണ്‍ കേരളത്തിലേക്ക് എത്തുന്നതിന് വേഗത കൂട്ടിയത്. നിലവില്‍ ലക്ഷദ്വീില്‍ പൂര്‍ണ്ണമായും കേരളം, മാഹി പ്രവിശ്യകളിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ഭൂരിഭാഗം മേഖലകളിലും മണ്‍സൂണ്‍ എത്തിയതായാണ് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ കൂടുതല്‍ ശക്തമായി മുന്നേറാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്.

മഴകുറയും

കാലവര്‍ഷം എത്തിയെങ്കിലും രാജ്യത്ത് ഇത്തവണ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് ഐഎംഡി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ദീര്‍ഘകാല ശരാശരിയുടെ (Long-Period Average - LPA) 90 ശതമാനം മാത്രമായിരിക്കും ഇത്തവണ ലഭിക്കുന്ന ആകെ മഴയെന്നാണ് പുതിയ വിലയിരുത്തല്‍.

1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മണ്‍സൂണ്‍ കാലത്തെ ദീര്‍ഘകാല ശരാശരി മഴ 87 സെന്റീമീറ്ററാണ്. ഇതിന്റെ 90 ശതമാനത്തില്‍ താഴെയാണ് മഴ ലഭിക്കുന്നതെങ്കില്‍ അതിനെ 'മഴക്കുറവ്' (Deficient) ഉള്ള വര്‍ഷമായിട്ടാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.

എല്‍ നിനോ ഭീഷണിയും വിപണിയിലെ ആശങ്കയും

മണ്‍സൂണ്‍ കേരളത്തില്‍ എത്തിയെങ്കിലും ലോക കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ റിപ്പോര്‍ട്ടുകള്‍ ബിസിനസ്-കാര്‍ഷിക ലോകം ഉറ്റുനോക്കുകയാണ്. ആഗോളതലത്തില്‍ 'എല്‍ നിനോ' (El Niño) പ്രതിഭാസം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരും മാസങ്ങളില്‍ മഴയുടെ അളവിനെ ബാധിച്ചേക്കാമെന്നും, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാമെന്നും സൂചനയുണ്ട്.

കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതോടെ കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വിപണി. എങ്കിലും എല്‍ നിനോ സൃഷ്ടിക്കാവുന്ന വിപരീത സാഹചര്യങ്ങള്‍ കമ്മോഡിറ്റി വിപണിയെയും ഗ്രാമീണ ഉപഭോഗത്തെയും എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിലെ വിലയിരുത്തലുകള്‍ക്ക് വിധേയമായിരിക്കും.

Southwest monsoon sets in over Kerala, but IMD warns of deficit rainfall across the country due to El Nino.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT