കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 4 സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു. ഡോ.ബി.ഗോവിന്ദന്‍ (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-AKGSMA ), കെ.സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍ (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-KGSMA ), ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, രാജേഷ് കല്യാണ്‍, നിഷാദ് മലബാര്‍ (കേരള ജ്വല്ലറി ഫെഡറേഷന്‍- KJF), ഷാജു ചിറയത്ത് (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍-KGSDA) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുത്തനെ കൂട്ടിയിരുന്നു. പല സംഘടനകളും പല നിരക്ക് പിന്തുടര്‍ന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷനുകളുടെ സംയുക്ത സമ്മേളനം വിളിച്ച് വില ഏകീകരിക്കാന്‍ തീരുമാനമെടുത്തത്.
ഇന്നുമുതല്‍ ഏകീകൃത വിലയാണ് നിശ്ചയിക്കുക. ദിവസേന രാവിലെ 9.30 ന് മുമ്പും, ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും മാത്രമായിരിക്കും ഇനി മുതല്‍ വില നിശ്ചയിക്കുക എന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു. രാജ്യാന്തര സ്വര്‍ണ വില 50 ഡോളറിൽ അധികം കൂടിയാല്‍, ആറുമണിക്ക് മുമ്പാണെങ്കിൽ വിലയില്‍ മാറ്റം വരുത്താം എന്നൊരു നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്.
Gold trade associations in Kerala have decided to implement a unified daily gold rate system to avoid consumer confusion and streamline pricing.
Read DhanamOnline in English
Subscribe to Dhanam Magazine