Image courtesy: Canva
Business Kerala

പവർകട്ടിന് പരിഹാരമാകുമോ പുരപ്പുറ സോളാർ? ബാറ്ററി സ്റ്റോറേജും പുതിയ നയവും എന്തുകൊണ്ട് നിർണായകം

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പുനരുപയോഗ ഊർജത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. പുതിയ സംസ്ഥാന സോളാർ പോളിസിയും അനുഭാവപൂർണമായ റെഗുലേഷൻ നിയമങ്ങളും അടിയന്തിരമായി കൊണ്ടുവരേണ്ടതുണ്ട്

Sutheesh Hariharan

കേരളം നിലവിൽ രൂക്ഷമായ പവർകട്ടും അപ്രഖ്യാപിത ലോഡ് ഷെഡിംഗും നേരിടുന്ന സാഹചര്യത്തിൽ സോളാർ ഊർജത്തിന്റെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചുവരികയാണ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം ആകെ ആവശ്യത്തിന്റെ 30 ശതമാനത്തിൽ താഴെ മാത്രമാണ്. നിലവിലുള്ള ആഭ്യന്തര സ്രോതസ് പ്രധാനമായും ജലവൈദ്യുതി (Hydro Energy) മാത്രമാണ്, ഭാവിയിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ കൂട്ടിച്ചേർക്കാനുള്ള സാധ്യതകളും പരിമിതമാണ്. പവർകട്ട് അനുഭവപ്പെടുന്ന സമയത്ത് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 6,000 മെഗാവാട്ടിന് മുകളിലാണ്, എന്നാൽ നിലവിലെ സോളാർ ഉത്പാദനം കേവലം 2,400 മെഗാവാട്ട് മാത്രമാണ്. ഈ പ്രതിസന്ധി മറികടക്കാൻ സോളാർ വൈദ്യുതി ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്.

ഹൈഡ്രോ-സോളാർ സമന്വയത്തിന്റെ പ്രത്യേകത

സോളാർ ഊർജം വികസിപ്പിക്കുന്നതിൽ കേരളത്തിന് വലിയൊരു സാങ്കേതിക മേന്മയാണുള്ളതെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി (KDSPC) കോര്‍ഡിനേറ്ററും റിട്ടയര്‍ഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായ ജെയിംസ്കുട്ടി തോമസ് ചൂണ്ടിക്കാട്ടുന്നു. കൽക്കരി ഉപയോഗിക്കുന്ന തെർമൽ പവർ പ്ലാന്റുകളിൽ ഉത്പാദനം പെട്ടെന്ന് കൂട്ടാനോ കുറയ്ക്കാനോ സാധിക്കില്ല. എന്നാൽ കേരളത്തിൽ ജലവൈദ്യുതി ഉള്ളതിനാൽ, പകൽ സമയത്ത് സോളാർ ഉത്പാദനം കൂടുമ്പോൾ ഹൈഡ്രോ പ്ലാന്റുകളിലെ വെള്ളത്തിന്റെ ഉപയോഗം കുറച്ച് ഉത്പാദനം ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. ഇത് ഡാമുകളിലെ വെള്ളം സംരക്ഷിക്കാനും സോളാർ വൈദ്യുതി സുഗമമായി മാനേജ് ചെയ്യാനും സഹായിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും ആഗോള ലക്ഷ്യങ്ങളും

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പുനരുപയോഗ ഊർജത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. 2030-ഓടെ മൊത്തം ആവശ്യത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്നാക്കണമെന്നും, കൂടാതെ 2040-ഓടെ പൂർണമായും പുനരുപയോഗ ഊർജത്തിലേക്ക് മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കണമെങ്കിൽ സോളാർ പദ്ധതികൾ വ്യാപകമാക്കിയേ തീരൂ.

ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക നേട്ടങ്ങൾ

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്ന ഉറപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. സർക്കാർ സബ്‌സിഡികൾക്ക് പുറമേ, ഈടില്ലാതെ 5.6 ശതമാനം കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പകളും ലഭ്യമാണ്. ഉപഭോക്താക്കൾ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാൻ സാധിക്കും. ഇത്തരത്തിൽ സോളാർ പ്രോത്സാഹിപ്പിച്ചതിന് കേന്ദ്ര സർക്കാരിൽ നിന്ന് 200 കോടി രൂപയുടെ ഇൻസെന്റീവ് കെ.എസ്.ഇ.ബിക്ക് ലഭിച്ചിട്ടുണ്ട്. പുരപ്പുറ സോളാര്‍ അടക്കമുള്ള ഉപഭോക്താക്കളിൽ നിന്ന് 2 രൂപ മുതൽ 3 രൂപ വരെ നിരക്കിൽ വാങ്ങുന്ന വൈദ്യുതി കെ.എസ്.ഇ.ബി മറ്റുള്ളവർക്ക് 8 രൂപ മുതൽ 10 രൂപ വരെ നിരക്കിൽ വിൽക്കുന്നതായും ജെയിംസ്കുട്ടി തോമസ് പറഞ്ഞു.

ഗ്രിഡ് സ്റ്റെബിലിറ്റിയും നയപരമായ വെല്ലുവിളികളും

സോളാർ ഉത്പാദനം വർദ്ധിക്കുമ്പോൾ ട്രാൻസ്ഫോർമറുകളിൽ ഓവർ വോൾട്ടേജ് ഉണ്ടാകാനും ഗ്രിഡ് സ്റ്റെബിലിറ്റിയെ ബാധിക്കാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും ജെയിംസ്കുട്ടി തോമസ് ധനം ഓണ്‍ലൈനോട് പറഞ്ഞു. ആലുവ താലൂക്കിലെ തേവക്കൽ സെക്ഷനിൽ സ്വകാര്യ കമ്പനിയായ ഹൈക്കോൺ പരീക്ഷണാടിസ്ഥാനത്തിൽ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ചത് വിജയരകമായിരുന്നു.

എന്നാൽ സ്റ്റോറേജ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് കൃത്യമായ നിയമങ്ങളും റെഗുലേഷനുകളും നിലവിൽ വന്നിട്ടില്ല. മൾട്ടി-ഇയർ താരിഫ് (MYT) ഡ്രാഫ്റ്റ് റെഗുലേഷന്റെ ഒമ്പതാം ചാപ്റ്ററിൽ സ്റ്റോറേജിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വ്യക്തമായ പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് അവസാനമായി സോളാർ പോളിസി പുറപ്പെടുവിച്ചത് 2013-ലാണ്. നെറ്റ് മീറ്ററിംഗില്‍ പ്രൊസ്യുമേഴ്സിന്റെ ആശങ്കകള്‍ക്ക് വ്യക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസുകളും കോടതി സ്റ്റേയും നിലനിൽക്കകയാണ്. അതിനാൽ പുതിയ സംസ്ഥാന സോളാർ പോളിസിയും അനുഭാവപൂർണമായ റെഗുലേഷൻ നിയമങ്ങളും അടിയന്തിരമായി കൊണ്ടുവരേണ്ടതുണ്ട്.

സോളാറിനെക്കുറിച്ചുള്ള തെറ്റായ ധാരണകളും പ്രചാരണങ്ങളും അവസാനിപ്പിച്ച് ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഭാവിയിൽ സബ്‌സിഡികൾ നിർത്തലാക്കാൻ സാധ്യതയുള്ളതിനാൽ, ലഭ്യമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി എല്ലാവരും സോളാർ ഊർജത്തിലേക്ക് മാറുന്നത് വ്യക്തിഗത ലാഭത്തിനും സംസ്ഥാനത്തിന്റെ ഊർജ ഭദ്രതയ്ക്കും അത്യന്താപേക്ഷിതമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT