കേരളത്തിലെ പൊതുഗതാഗത രംഗത്തിന്റെ നട്ടെല്ലായ സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും വരുമാനക്കുറവും മൂലം പ്രതിസന്ധിയിലായ ബസ് ഉടമകൾ പ്രക്ഷോഭ പാതയിലേക്ക് നീങ്ങുകയാണ്. തൃശൂരിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 15) ചേരുന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമര പ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന ബസ് ഉടമകളെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയാണ് ഈ നിലപാടിലേക്ക് നീങ്ങുന്നത്. അതേസമയം, 10 ശതമാനത്തോളം അംഗങ്ങളുള്ള ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (AKBOA) അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെച്ച് സമരം നടത്തുമെന്ന നിലപാടിലാണ്. മേഖലയിലെ മറ്റൊരു സംഘടനയായ കെ.ബി.ടി.എയും (Kerala Bus Transport Association) ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധികളിലൊന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന 'പ്രിയദർശിനി' സർവീസുകൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ്. ഓരോ റൂട്ടിലും കെ.എസ്.ആർ.ടി.സി സർവീസുകളും പ്രിയദർശിനി സർവീസുകളും കാരണം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് മുമ്പാകെ ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് കേന്ദ്രങ്ങളിലായി നടന്ന സമിതിയുടെ സിറ്റിംഗുകളിൽ 14 ജില്ലകളിലെയും നഷ്ടത്തിന്റെ കണക്കുകള്‍ സംബന്ധിച്ച ഫയലുകൾ ഓരോ ജില്ലയുടെയും പ്രത്യേകം തയാറാക്കിയാണ് ഉടമകള്‍ സമർപ്പിച്ചിട്ടുള്ളത്. റൂട്ടുകൾക്കും ഓടുന്ന കിലോമീറ്ററുകൾക്കും അനുസരിച്ച് നഷ്ടത്തിന്റെ അളവ് വ്യത്യാസമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ് ധനം ഓൺലൈനോട് പറഞ്ഞു. തൊടുപുഴ ഉൾപ്പെടെയുള്ള മേഖലകളിൽ ചില ബസുകളെ ഇത് വൻതോതിൽ ബാധിച്ചപ്പോൾ മറ്റു ചിലരെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തിൽ ഫെഡറേഷന് കീഴില്‍ ആകെ പതിനായിരത്തോളം സ്വകാര്യ ബസുകളാണുള്ളത്. മറ്റ് സംഘടനകളുടേത് കൂടി ചേരുമ്പോൾ ആകെ ബസുകളുടെ എണ്ണം പന്ത്രണ്ടായിരത്തോളമായി ഉയരും.
ബസ് ഉടമകളുടെ നഷ്ടം നികത്തിക്കൊണ്ട് അവരെ ഒന്നിച്ചു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പുനൽകിയിരുന്നു. പതിനായിരം ബസുകൾക്കും ഒരുപോലെ ആനുകൂല്യം നൽകണമെന്നല്ല, മറിച്ച് പ്രിയദർശിനി മൂലം നഷ്ടം സംഭവിക്കുന്ന മൂവായിരത്തോളം ബസുകൾക്ക് അവരുടെ നഷ്ടത്തിന്റെ തോതനുസരിച്ച് സാമ്പത്തിക ആനുകൂല്യം നൽകി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.കെ.കെ തോമസ്, സംസ്ഥാന പ്രസിഡന്റ്, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്
മിനിമം ബസ് ചാർജ് 10 രൂപയിൽ നിന്ന് 15 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.ബി.ഒ.എ സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. നിലവിലെ ബസ് ചാർജ് തൃപ്തികരമാണെന്നും, പ്രിയദർശിനി സർവീസുകൾ മൂലം ഉണ്ടാകുന്ന റൂട്ട് നഷ്ടം പരിഹരിക്കുകയാണ് പ്രധാനമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കഴിഞ്ഞ 15 വർഷമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്ന വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കാണ് രണ്ടാമത്തെ പ്രധാന പ്രതിസന്ധിയെന്നും കെ.കെ തോമസ് പറഞ്ഞു. 15 വര്‍ഷം മുമ്പ് നിശ്ചയിച്ചതു പോലെ 4 കിലോമീറ്ററിന് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോഴും വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത്. ഇതിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ ചില നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബസുകളുടെ ഉപയോഗ കാലാവധി 25 വർഷമായി ഉയർത്താമെന്നും, വണ്ടികൾ വാടകയ്ക്കെടുക്കാമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി. ബസ് വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ഉടമകൾ സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ബസുകളുടെ ശരാശരി പ്രവർത്തനച്ചെലവ് ഓടുന്ന ഓരോ കിലോമീറ്ററിനും 50 രൂപ 65 പൈസയാണ്. അതിനാൽ ഒരു കിലോമീറ്ററിന് 55 രൂപ നിരക്കിൽ തന്നാൽ ബസുകൾ സർക്കാരിന് വാടകയ്ക്ക് നൽകാൻ തയാറാണെന്ന് ഉടമകൾ അറിയിച്ചു. ഈ രീതിയിൽ ഡീസൽ, ഡ്രൈവറുടെ ശമ്പളം, അറ്റകുറ്റപ്പണികൾ എന്നിവ ഉടമകൾ തന്നെ വഹിക്കുകയും സർക്കാരിന് ഒരു കണ്ടക്ടറെ മാത്രം വെച്ച് ടിക്കറ്റ് കളക്ഷൻ എടുക്കുകയും ചെയ്യാം. എന്നാല്‍ എ.സി ബസുകൾക്ക് കിലോമീറ്ററിന് 62 രൂപ എന്ന കണക്കിലാണ് സർക്കാർ സംസാരിക്കുന്നത്. പെർമിറ്റില്ലാത്ത പുറത്തുള്ള ആളുകൾക്ക് ഇത് ലാഭകരമാണെങ്കിലും, 40 വർഷത്തോളമായി പെർമിറ്റുള്ള പരമ്പരാഗത ബസ് ഉടമകൾക്ക് ഇത് ആശങ്ക ഉണ്ടാക്കുന്നതായും തോമസ് പറയുന്നു. സർക്കാർ സർവീസ് കൃത്യമായി നടത്തിയില്ലെങ്കിൽ വർഷങ്ങളായുള്ള പെർമിറ്റ് നഷ്ടപ്പെടാനും ഇടയാകും.
തുടർച്ചയായ പ്രതിസന്ധികൾക്കിടയിലും പെട്ടെന്ന് ബസ് സർവീസുകൾ നിർത്തിവെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതിയോട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് താല്പര്യമില്ല. വണ്ടി നിർത്തിയിടുന്നതിന് പകരം സെക്രട്ടറിയേറ്റ് മാർച്ച്, നിരാഹാര സമരം തുടങ്ങിയ രീതികളായിരിക്കും ആദ്യ ഘട്ടത്തില്‍ പ്ലാൻ ചെയ്യുന്നത്. എന്നിരുന്നാലും, തൃശൂരിൽ ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന 105 സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെ പൊതു അഭിപ്രായം മാനിച്ചായിരിക്കും അന്തിമ പ്രക്ഷോഭ തീരുമാനം കൈക്കൊള്ളുക.
Read DhanamOnline in English
Subscribe to Dhanam Magazine