കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ (നരഡ്കോ) ആവശ്യപ്പെട്ടു. പോർട്ടൽ തടസ്സപ്പെട്ടത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയെയും നൂറുകണക്കിന് ഏജന്റുമാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി നരഡ്കോ ഭാരവാഹികൾ ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ മുടങ്ങി
കെ-റെറ പോർട്ടൽ ലഭ്യമല്ലാത്തതിനാൽ പുതിയ ഏജന്റ് രജിസ്ട്രേഷനുകളോ നിലവിലുള്ളവയുടെ പുതുക്കലോ നടത്താനാവാത്ത അവസ്ഥയാണ്. റെറ നിയമപ്രകാരം രജിസ്ട്രേഷനില്ലാത്ത ഏജന്റുമാർക്കും ബ്രോക്കർമാർക്കും ഭൂവ്യാപാരവുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ നടത്താൻ നിയമപരമായി സാധിക്കില്ല. ഇത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദിവസേന ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇതിനോടകം ഏകദേശം നൂറിലധികം ഏജന്റ് രജിസ്ട്രേഷൻ അപേക്ഷകളും അറുപതിലധികം പ്രൊജക്ട് രജിസ്ട്രേഷനുകളും നടപടികൾ സ്വീകരിക്കാനാവാതെ കെട്ടിക്കിടക്കുകയാണെന്ന് നരഡ്കോ ചൂണ്ടിക്കാട്ടി.2026 ഓഗസ്റ്റ് ഒന്നു മുതലുള്ള അപേക്ഷകളാണ് തീര്പ്പാക്കാനായുള്ളത്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്ദ്ദേശങ്ങള്ക്ക് അനുസൃതമായി ഓണ്ലൈന് പോര്ട്ടലില് ആവശ്യമായ ഭേദഗതികളും നവീകരണങ്ങളും വരുത്തുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന് നിര്ത്തിവച്ചത്. മറ്റു സംസ്ഥാനങ്ങളും ഇതുപ്രകാരം നിര്ത്തിവച്ചിരുന്നുവെങ്കിലും പലതും പ്രവര്ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
കേരളത്തില് എന്തുകൊണ്ട് ഇതു പുനസ്ഥാപിക്കുന്നില്ല എന്നതിനെ കുറിച്ച് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നരഡ്കോ മുന്നോട്ടു വന്നിരിക്കുന്നത്.
പുതിയ രജിസ്ട്രേഷനും നിലവിലുള്ളവ പുതുക്കുന്നതിനുമായി കെ-റെറ പോർട്ടൽ എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കുക, കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടിയന്തരമായി പരിഗണിച്ച് രജിസ്ട്രേഷൻ അനുവദിക്കുക എന്നതാണ് നരഡ്കോയുടെ പ്രധാന ആവശ്യം. പോർട്ടൽ തടസ്സപ്പെട്ടതുമൂലം പ്രതിസന്ധിയിലായ ഏജന്റുമാർക്ക് സംരക്ഷണം നൽകുന്നതിനായി ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്നും പോർട്ടലിലെ പ്രശ്നങ്ങളുടെ കാരണം വ്യക്തമാക്കുകയും, ഇത് എപ്പോൾ മുതൽ പൂർണ്ണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന ഔദ്യോഗിക വിശദീകരണം നൽണമെന്നും നരഡ്കോ ആവശ്യപ്പെടുന്നു.
പോർട്ടൽ തടസ്സം നീക്കാൻ വൈകുകയാണെങ്കിൽ, ഇതിന് ബദലായി താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ നരഡ്കോ പ്രസിഡന്റ് ബിനോയ് തോമസ്, ജനറൽ സെക്രട്ടറി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് രാജേഷ് കെ.എസ്., എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.
KRERA pauses online applications and processing for real estate agents to upgrade its system based on central ministry directives.
Read DhanamOnline in English
Subscribe to Dhanam Magazine