ഇന്ത്യന്‍ നിക്ഷേപ വിപണിയില്‍ കേരള കമ്പനികള്‍ക്ക് വന്‍ നേട്ടം. പ്രമുഖ ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ VCC Edge പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2025-ലെ രാജ്യത്തെ ഏറ്റവും വലിയ 10 പ്രൈവറ്റ് ഇക്വിറ്റി (PE/Public Equity) ഇടപാടുകളില്‍ കേരളത്തില്‍ നിന്നുള്ള മണപ്പുറം ഫിനാന്‍സും ഫെഡറല്‍ ബാങ്കും ഇടംപിടിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ കേരളത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍.
മണപ്പുറം ഫിനാന്‍സ് 2025 മാര്‍ച്ചില്‍ നടന്ന ഇടപാടിലൂടെ 918 ദശലക്ഷം ഡോളറാണ് (ഏകദേശം 7,600 കോടി രൂപ) സമാഹരിച്ചത്. ബെയ്ന്‍ ക്യാപിറ്റലാണ് (Bain Capital) ഈ നിക്ഷേപം നടത്തിയത്.
ഫെഡറല്‍ ബാങ്ക് 2025 ഒക്ടോബറില്‍ നടന്ന ഇടപാടില്‍ 706 ദശലക്ഷം ഡോളര്‍ (ഏകദേശം 5,800 കോടി രൂപ) സമാഹരിച്ചു. ബ്ലാക്ക് സ്റ്റോണ്‍ അഡൈ്വസേഴ്സ് ഇന്ത്യയാണ് പ്രധാന നിക്ഷേപകര്‍.
പട്ടികയില്‍ ഒന്നാമതെത്തിയത് ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ആണ്. 2025 ജൂലൈയില്‍ നടന്ന ഇടപാടിലൂടെ 2005 ദശലക്ഷം ഡോളറാണ് ബ്ലാക്ക്‌സ്റ്റോണ്‍ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് കമ്പനിയില്‍ നിക്ഷേപിച്ചത്.
ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി രംഗത്തെ പ്രമുഖരായ ആക്‌സസ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് (1450 ദശലക്ഷം ഡോളര്‍), എ.ജി.എസ് ഹെല്‍ത്ത് (1350 ദശലക്ഷം ഡോളര്‍) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ന്യൂ മൗണ്ടന്‍ ക്യാപിറ്റലും ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പുമാണ് യഥാക്രമം ഈ കമ്പനികളില്‍ നിക്ഷേപം നടത്തിയത്.
2025-ല്‍ പ്രൈവറ്റ് ഇക്വിറ്റി മേഖലയില്‍ ആകെ 2083 ഇടപാടുകളാണ് നടന്നത്. 2024-നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 21 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, നിക്ഷേപ മൂല്യത്തില്‍ (Deal Value) 6 ശതമാനം വളര്‍ച്ചയോടെ 16.2 ബില്യണ്‍ ഡോളറില്‍ എത്താന്‍ സാധിച്ചു. പ്രൈവറ്റ് ഇക്വിറ്റി ഇടപാടുകളുടെ എണ്ണത്തില്‍ മാത്രം 55 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ഇടപാടുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇടപാടുകളുടെ എണ്ണം കുറഞ്ഞിട്ടും നിക്ഷേപ മൂല്യം ഉയര്‍ന്നത് വലിയ തുകയുടെ നിക്ഷേപങ്ങള്‍ വിപണിയില്‍ നടന്നതിന്റെ സൂചനയാണ്.
ഏറ്റവും വലിയ 10 ഇടപാടുകളില്‍ ഭൂരിഭാഗവും ധനകാര്യ മേഖലയിലാണ് നടന്നിരിക്കുന്നത്. എന്‍.ബി.എഫ്.സികളിലും (NBFC) സ്വകാര്യ ബാങ്കുകളിലും നിക്ഷേപകര്‍ക്ക് വലിയ വിശ്വാസമുണ്ടെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2025-ല്‍ ഇന്ത്യയിലെ നിക്ഷേപ പ്രവണതകളില്‍ വലിയ മാറ്റമുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏഞ്ചല്‍/സീഡ് ഫണ്ടിംഗുകളില്‍ 35 ശതമാനം ഇടിവുണ്ടായപ്പോള്‍, പക്വതയാര്‍ന്ന ബിസിനസുകളിലേക്കും വലിയ ഇടപാടുകളിലേക്കും നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
പ്രൈവറ്റ് ഇക്വിറ്റി ഇടപാടുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2025-ല്‍ 279 പി.ഇ ഇടപാടുകളാണ് നടന്നത്.
തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകളെക്കാള്‍ ലേറ്റ്-സ്റ്റേജ് ഫണ്ടിംഗിലേക്കും പ്രീ-ഐപിഒ (Pre-IPO) ഘട്ടത്തിലുള്ള കമ്പനികളിലേക്കും നിക്ഷേപം ഒഴുകുന്നതാണ് കഴിഞ്ഞ വര്‍ഷം കണ്ട പ്രധാന മാറ്റം.
Read DhanamOnline in English
Subscribe to Dhanam Magazine