Business Kerala

ടൈം ബാങ്ക്, ഇത് വേറെ ലെവല്‍! യുവാക്കള്‍ക്ക് വയോജന പരിപാലന പദ്ധതിയുമായി കേരളം പുതിയ വിപ്ലവത്തിന്; നടപ്പാക്കല്‍ എങ്ങനെ?

മുതിർന്ന പൗരന്മാർക്ക് നൽകുന്ന സേവനത്തിന് പകരമായി ഭാവിയിൽ തിരികെ സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്

Resya Raveendran

വാര്‍ധക്യത്തില്‍ ഒറ്റപ്പെടലും പരിചരണക്കുറവും അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് കേരളം ജീവിക്കുന്നത്. ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തിന് ഒരു ശാശ്വതവും സര്‍ഗാത്മകവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സാമൂഹികനീതി വകുപ്പ്. ഇതിനായി വകുപ്പ് ആവിഷ്‌കരിക്കുന്ന ഏറ്റവും പുതിയ ആശയമാണ് 'ടൈം ബാങ്ക്' (Time Bank).

സന്നദ്ധസേവനത്തിന് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതി എന്താണ്, എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, കേരളത്തില്‍ ഇത് എങ്ങനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് നോക്കാം.

എന്താണ് 'ടൈം ബാങ്ക്'?

ലളിതമായി പറഞ്ഞാല്‍, പണത്തിന് പകരം സേവന സമയം ബാങ്കിലെന്നപോലെ നിക്ഷേപിക്കുകയും ആവശ്യമുള്ളപ്പോള്‍ അത് തിരികെ ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണിത്.

'സമയം ഒരു സാമൂഹിക നിക്ഷേപം' എന്ന ആശയമാണ് ടൈം ബാങ്കിന്റെ അടിസ്ഥാനം. യുവാക്കള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കുന്ന ഓരോ മണിക്കൂര്‍ സേവനവും ടൈം ക്രെഡിറ്റായി ഡിജിറ്റലായി രേഖപ്പെടുത്തും. ഉദാഹരണത്തിന്, ഒരു യുവാവ് മുതിര്‍ന്ന വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ രണ്ടു മണിക്കൂര്‍ ചെലവഴിച്ചാല്‍ ആ സമയം ടൈം ക്രെഡിറ്റായി അക്കൗണ്ടില്‍ വരും.

ആശുപത്രിയില്‍ കൂട്ടുപോകുക, മരുന്നുകള്‍ വാങ്ങിക്കൊടുക്കുക, വീട്ടുചുമതലകളില്‍ സഹായിക്കുക, അല്ലെങ്കില്‍ വെറുതെ ഒപ്പമിരുന്ന് സംസാരിച്ച് മാനസികമായ പിന്തുണ നല്‍കുക എന്നിവയെല്ലാം ഈ സേവനത്തില്‍ ഉള്‍പ്പെടാം. ഭാവിയില്‍, ഈ സേവനം ചെയ്ത വ്യക്തിക്ക് അല്ലെങ്കില്‍ അവരുടെ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ള ഘട്ടത്തില്‍, അല്ലെങ്കില്‍ അവര്‍ വാര്‍ധക്യത്തിലേക്ക് എത്തുമ്പോള്‍ ഈ ടൈം ക്രെഡിറ്റ് ഉപയോഗിച്ച് സൗജന്യമായി തിരികെ സേവനം ലഭ്യമാക്കാം.

അതായത് ഇന്ന് നിങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന സമയം, നാളെ നിങ്ങള്‍ക്ക് ആവശ്യമായി വരുമ്പോള്‍ ഒരു സമ്പാദ്യമായി തിരികെ ലഭിക്കുന്നു. നല്‍കിയ സേവനത്തിന്റെ അടിസ്ഥാനത്തില്‍ തിരികെ സേവനം ലഭിക്കുന്നതിന് സാമൂഹികനീതി വകുപ്പ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കും.

ഡോ.അരുണ്‍ എസ്. നായര്‍ ഐഎഎസ്, ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ്‌

സ്‌കാന്‍ഡിനേവിയന്‍ മാതൃകയുടെ കേരള പതിപ്പ്

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ഒരു സങ്കല്‍പ്പമാണിത്. എന്നാല്‍ അവിടുത്തെ സാമൂഹിക അന്തരീക്ഷമല്ല കേരളത്തിലുള്ളത്. അതിനാല്‍ വിദേശ മാതൃക അതുപോലെ പകര്‍ത്തുന്നതിന് പകരം കേരളത്തിന്റെ തനിമയ്ക്കും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ഈ പദ്ധതി രൂപപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐ.എ.എസ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

'തലമുറകള്‍ തമ്മിലുള്ള അകലം കുറയ്ക്കുക (Intergenerational Bridging) എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ ആശയം വയോജന വകുപ്പ് ആവിഷ്‌കരിക്കുന്നത്. ജനറേഷന്‍ ടുഗെതര്‍- യൂത്ത് ആന്‍ഡ് ഇന്റര്‍ ജനറേഷനല്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമി'ന്റെ ഭാഗമായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ചെറുപ്പക്കാരെ എല്‍ഡര്‍ കെയര്‍ (Elder Care) മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കും. വയോജന പരിപാലനം കുടുതല്‍ സാമൂഹികാധിഷ്ഠിതമായ (Community Based) ഒന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാം സര്‍ക്കാരിന് മാത്രം സൗജന്യമായി നല്‍കാന്‍ സാധിക്കില്ല; സാമ്പത്തികശേഷിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു സേവനദാതാവായി (Facilitator) ആയി പ്രവര്‍ത്തിക്കുകയാണ് ഗവണ്‍മെന്റിന്റെ ചുമതല''. അരുണ്‍ എസ് നായര്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിലാണ് നിലവില്‍ സാമൂഹികനീതി വകുപ്പ് ഉള്ളത്. പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ചും (Feasibility) നിര്‍വ്വഹണ രീതിയെക്കുറിച്ചും (Action Plan) ശാസ്ത്രീയമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രമുഖ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യ പത്രം (Expression of Interest-EoI) ക്ഷണിച്ചുകഴിഞ്ഞു.'ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) പോലുള്ളവ ഇതില്‍ താത്പര്യം കാണിച്ചിരുന്നു. കേന്ദ്ര സര്‍വ്വകലാശാലകള്‍, ഐ.ഐ.എം (IIM) തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം. മികച്ച പ്രൊപ്പോസലുകള്‍ തിരഞ്ഞെടുത്ത്, ഏകദേശം 6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഉദാഹരിക്കാവുന്ന മാതൃകകളുടെ പഠനത്തിന് (Evidence based study) ശേഷമാകും പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക. സാമ്പത്തിക ബാധ്യതകള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ പരീക്ഷണാടിസ്ഥാനത്തിലോ, അതല്ലെങ്കില്‍ സംസ്ഥാനതലത്തിലോ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അരുണ്‍ എസ് നായര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇന്‍സെന്റീവുകള്‍

സ്‌കാന്‍ഡിനേവിയന്‍ മാതൃകയില്‍ വാര്‍ധക്യകാലത്ത് മാത്രം തിരികെ ലഭിക്കുന്ന രീതിക്ക് പുറമെ, യുവാക്കള്‍ക്ക് തല്‍ക്കാലം പ്രയോജനപ്പെടുന്ന ഇന്‍സെന്റീവുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്നുണ്ട്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വയോജന പരിചരണത്തിനായി ചെലവഴിക്കുന്ന സമയം അവരുടെ ഗ്രേസ് മാര്‍ക്ക് സിസ്റ്റത്തിലോ (Grace Marks), കോളേജ് ഗ്രേഡിംഗ് സിസ്റ്റത്തിലോ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. ഇത് വഴി ചെറുപ്പക്കാരില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്താനും എല്‍ഡര്‍ കെയര്‍ മേഖലയില്‍ വലിയൊരു സന്നദ്ധ നിരയെ സൃഷ്ടിക്കാനും സാധിക്കും.

ഭാവിയില്‍എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്‌കൂട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ പങ്കാളിത്തവും പദ്ധതിയില്‍ ഉപയോഗപ്പെടുത്തിയേക്കും.

മുതിര്‍ന്ന പൗരന്മാരുടെ സാമൂഹിക ഒറ്റപ്പെടല്‍ കുറയ്ക്കാനും തലമുറകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതി വഴി സാധിക്കുമെന്നാണ് സാമൂഹികനീതി വകുപ്പ് പ്രതീക്ഷിക്കുന്നത്.

Social Justice Department considers implementing 'Time Bank' initiative to encourage youth volunteerism for elderly care in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT