Business Kerala

₹132 കോടിയുടെ ഫണ്ടിംഗ് നേടി മലയാളി സ്റ്റാര്‍ട്ടപ്പുകള്‍! ഒന്നര മടങ്ങ് വര്‍ധന, രാജ്യത്ത് 13ാം സ്ഥാനം

സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍

Dhanam News Desk

ആഗോള ഫണ്ടിംഗ് പ്രതിസന്ധിക്കിടയിലും വമ്പന്‍ കുതിച്ചുചാട്ടവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല. ഇക്കൊല്ലം സെപ്റ്റംബര്‍ വരെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 14.7 മില്യന്‍ ഡോളര്‍ (ഏകദേശം 132 കോടി രൂപ) സമാഹരിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 6 മില്യന്‍ ഡോളറായിരുന്നു കിട്ടിയത്. ഏകദേശം ഒന്നര മടങ്ങാണ് വര്‍ധന. ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രേക്സ്ന്റെ (Tracxn) കേരള ടെക് ഇക്കോസിസ്റ്റം റാപ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിക്ഷേപം ലഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മതിയായ യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ വലിയ നിക്ഷേപം നടത്താന്‍ കമ്പനികള്‍ തയ്യാറാകുന്നുമുണ്ട്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. 2022ലെ ആദ്യ ഒമ്പത് മാസത്തില്‍ 24 മില്യന്‍ ഡോളര്‍ (ഏകദേശം 216 കോടി രൂപ) കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ലഭിച്ചിരുന്നു. എന്നാല്‍ 2023ലും 2024ലും ഇത് ക്രമാനുഗതമായി താഴ്ന്നു. ഇക്കുറി ആഗോള ട്രെന്‍ഡുകളെയെല്ലാം തിരുത്തി തിരിച്ചുവരവിന്റെ പാതയിലും.

നിക്ഷേപം ഇങ്ങനെ

സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ നേത്രാസെമി നേടിയ 107 കോടി രൂപയുടെ ഫണ്ടിംഗാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്. സീരീസ് എ റൗണ്ടില്‍ സോഹോ, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സ് എന്നീ കമ്പനികളാണ് നിക്ഷേപം നടത്തിയത്. ഇതിന് പുറമെ ക്ലോത്തിംഗ് ബ്രാന്‍ഡായ മൈ ഡെസിഗ്‌നേഷന്‍, റോബോട്ടിക് കമ്പനിയായ ഐ ഹബ്ബ് റോബോട്ടിക്‌സ്, ഫീമെയില്‍ വെല്‍നസ് ബ്രാന്‍ഡായ ഫെമിസേഫ്, സീറോ എര്‍ത്ത്, ഓഗ്‌സെന്‍സ് ലാബ് തുടങ്ങിയ കമ്പനികളും മികച്ച ഫണ്ടിംഗ് നേടി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് കൂടുതല്‍ നിക്ഷേപം ലഭിച്ചതെന്നും റിപ്പോര്‍ട്ട് തുടരുന്നു. ആകെ ലഭിച്ചതില്‍ 128 കോടി രൂപയോളം ഇവിടുത്തെ കമ്പനികള്‍ക്കായിരുന്നു.

ഇന്ത്യയില്‍ 13ാം സ്ഥാനം

ജനസംഖ്യയില്‍ 13ാം സ്ഥാനത്തുള്ള കേരളത്തിന് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലും അതേസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. 2.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി കര്‍ണാടകയാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്.

Kerala’s startup ecosystem has received a major boost with funding doubling to USD 14.7 million in 2025

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT