മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ 'ന്യൂ ഇന്നിങ്‌സ്' സംരംഭകത്വ പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കും. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
50 വയസ്സിന് മുകളില്‍ പ്രായവും സംരംഭകരാകാന്‍ താല്പര്യമുള്ളവരുമായ മുതിര്‍ന്ന പൗരന്മാരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. ജോലിയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാരെ കേരളത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയില്‍ സജീവ പങ്കാളികളാക്കാന്‍ ഇതിലൂടെ സാധിക്കും. തലമുറകള്‍ തമ്മിലുള്ള ഒരു വിജ്ഞാന കൈമാറ്റത്തിനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
2025-26ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ന്യൂ ഇന്നിംഗ്‌സ് പദ്ധതി. ആദ്യഘട്ടത്തില്‍ 5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരിശീലന പരിപാടികള്‍, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, മാര്‍ക്കറ്റിംഗ് പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. പ്രതിമാസം 20 പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഫെലോഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. 12 മാസത്തേക്ക് 20 ഫെലോകളെയാണ് ഇതിനായി നിയമിക്കുന്നത്. ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനായി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദ്ദേശം എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. വ്യവസായവാണിജ്യ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ അനുയോജ്യമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനുള്ള സഹായവും ലഭ്യമാക്കും.
'വിസ്ഡം ബാങ്ക്' എന്ന പ്രത്യേക മെന്റര്‍ഷിപ്പ് പരിപാടിയും ന്യൂ ഇന്നിംഗ്‌സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെ വിരമിച്ച വിദഗ്ധരുടേയും പ്രൊഫഷണലുകളുടേയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് 'വിസ്ഡം ബാങ്ക്' നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്നവരുടെ പട്ടിക ഡയറക്ടറി രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കും. പുതിയ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ ഉപദേഷ്ടാക്കളേയും മെന്റര്‍മാരേയും ഇതിലൂടെ കണ്ടെത്താനാകും.
പദ്ധതിയിലേക്ക് അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും- newinnings.startupmission.in.
Read DhanamOnline in English
Subscribe to Dhanam Magazine