രാജ്യത്തെ പൊതുവായ വിലക്കയറ്റ നിരക്ക് ആശ്വാസതലത്തില്‍ തുടരുമ്പോള്‍ കേരളത്തില്‍ പണപ്പെരുപ്പം ആശങ്കാജനകമായ രീതിയില്‍ ഉയരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട ഡിസംബറിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഏഴിരട്ടിയോളം വര്‍ധിച്ചു.
ദേശീയ തലത്തില്‍ ഉപഭോക്തൃ വിലസൂചിക (Consumer Price Index) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമ്പോഴാണ് കേരളത്തില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന തരത്തിലുള്ള ഈ വര്‍ധനവ്.
2025 ഡിസംബറില്‍ കേരളത്തിലെ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനത്തിലെത്തി. നവംബറില്‍ ഇത് 8.27 ശതമാനമായിരുന്നു. അതായത്, ഒരു മാസത്തിനിടെ പണപ്പെരുപ്പത്തില്‍ വലിയ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ദേശീയ ശരാശരി വെറും 1.33 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് കേരളം ഈ ആശങ്കാജനകമായ കുതിപ്പ് നടത്തുന്നത്. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കാര്‍ണാടകയില്‍ 2.99 ശതമാനം മാത്രമാണ് പണപ്പെരുപ്പം. ആന്ധ്രാപ്രദേശ് (2.71 ശതമാനം), തമിഴിനാട് ( 2.67 ശതമാനം), ജമ്മുകാശ്മീര്‍ (2.26 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ദേശീയ തലത്തില്‍ ഡിസംബറില്‍ പണപ്പെരുപ്പം 1.33 ശതമാനമാണ്. ഡിസംബറിലെ 0.71 ശതമാനവുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്. ഗ്രാമങ്ങളില്‍ 0.76 ശതമാനവും നഗരങ്ങളില്‍ 2.03 ശതമാനവുമാണ് പണപ്പെരുപ്പം.
കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വിലയിലുണ്ടായ വര്‍ധനയാണ് തിരിച്ചടിയായത്. പ്രത്യേകിച്ച് വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറികള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധന കേരളത്തിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവുകള്‍ വര്‍ധിച്ചതും തിരിച്ചടിയായി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമീണ മേഖലയിലും വിലക്കയറ്റം രൂക്ഷമാണ്. ഗ്രാമങ്ങളില്‍ 10.77 ശതമാനമാണ് ഡിസംബറിലെ വിലക്കയറ്റം. നഗരങ്ങളിലിത് 7.13 ശതമാനമാണ്. സംസ്ഥാനത്തെ നഗര-ഗ്രാമ വ്യത്യാസം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വിദേശത്തുനിന്നുള്ള പണമൊഴുക്ക് വര്‍ധിച്ചത് ജനങ്ങളുടെ ചിലവാക്കാനുള്ള ശേഷി കൂട്ടിയെന്നും, ഇത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് ഇപ്പോഴത്തേത്, ഇത് വിപണിയിലെ കടുത്ത വിലക്കയറ്റ സമ്മര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ 9.05 ശതമാനവും ഒക്ടോബറില്‍ 8.56 ശതമാനവുമായിരുന്നു സംസ്ഥാനത്തെപണപ്പെരുപ്പ നിരക്ക്.
നിത്യോപയോഗ സാധനങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കേരളത്തിലെ വിലക്കയറ്റത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തിന് (ലക്ഷ്യപരിധി 2% മുതല്‍ 6% വരെ) താഴെയാണ് രാജ്യത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പമെങ്കിലും, കേരളത്തിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. വിപണിയിലെ അമിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സപ്ലൈകോ വഴിയുള്ള വിതരണം കാര്യക്ഷമമാക്കുന്നതും വിപണിയിലെ പൂഴ്ത്തിവെപ്പ് തടയുന്നതും ആശ്വാസകരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine