കേരളം പൊതു വിപണിയില്‍ നിന്ന് 1,800 കോടി രൂപ കടമെടുക്കുന്നു. സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ കടമെടുപ്പാണിത്. മേയ് 26-ന് റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ (e-Kuber) സംവിധാനം വഴി കടപ്പത്രങ്ങളുടെ ലേലം നടക്കും.
നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ മൊത്തം 23,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ മാസം താല്‍ക്കാലിക അനുമതിയോടെ എടുത്ത 4,700 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,500 കോടി രൂപയ്ക്ക് അനുമതിയുണ്ടായിരുന്ന സ്ഥാനത്താണിത്. കേന്ദ്ര വിഹിതത്തില്‍ ഏകദേശം 6,000 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് പുറമേ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണവും മുന്‍നിര്‍ത്തിയാണ് അടിയന്തരമായി തുക കണ്ടെത്തുന്നത്. മേയ് 25 മുതല്‍ 1,070 കോടി രൂപ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ മാസം മുതല്‍ ആശ വര്‍ക്കര്‍മാര്‍മാരുടെ വേതനം 3,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി വര്‍ക്കര്‍മാര്‍മാര്‍ക്ക് 1,000 രൂപയും വര്‍ധിപ്പിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കി ഉയര്‍ത്തിയത് നടപ്പിലാക്കാന്‍ മാത്രം പ്രതിമാസം 1,680 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി വേണ്ടിവരിക.
ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് (KSSPL) 6,000 കോടി രൂപയുടെ അധിക ഗ്യാരന്റി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഗ്യാരന്റി കാലാവധി നവംബറില്‍ അവസാനിച്ചിരുന്നു. പുതിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കും. കെ.എസ്.എഫ്.ഇയില്‍ നിന്ന് 3,070 കോടി രൂപയും കെ.എഫ്.സി (KFC)യില്‍ നിന്ന് 500 കോടി രൂപയുമാണ് എടുക്കുക.
നാല് മാസത്തെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നതിനായി ആകെ 3,600 കോടി രൂപയാണ് ഈ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്നത്.
ഭരണം തുടങ്ങിയ ആദ്യ മാസങ്ങളില്‍ തന്നെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിഭവസമാഹരണവുമാണ് പുതിയ സതീശന്‍ സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്രത്തിന്റെ കര്‍ശനമായ കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുക എന്നത് ധനവകുപ്പിന് കടുത്ത പരീക്ഷണമാകും.
Kerala plans to raise ₹1,800 crore through market borrowing as the newly formed V.D. Satheesan government faces mounting financial pressure from welfare pensions and salary commitments.
Read DhanamOnline in English
Subscribe to Dhanam Magazine