ടി ജെ വിനോദ് എംഎല്‍എ, കെടിഎം ട്രഷറര്‍ ജിബ്രാന്‍ ആസിഫ്, മുന്‍ പ്രസിഡന്റ് ബേബി മാത്യു, പ്രസിഡന്റ് ജോസ് പ്രദീപ്, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എംപി, കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍ ഐഎഎസ്, ദീപക് ജോയ് എംഎല്‍എ തുടങ്ങിയവര്‍ 
Business Kerala

അടുത്ത 5 വർഷത്തിൽ 100 പുതിയ ടൂറിസം കേന്ദ്രങ്ങൾ; കൊച്ചിക്ക് ഫിലിം സിറ്റിയും ഓഷ്യനേറിയവും ഉടന്‍

റെക്കോര്‍ഡ് രജിസ്‌ട്രേഷനുമായി ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 മുതല്‍; 45,000 ബിസിനസ് കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്തു

Dhanam News Desk

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടുപിടിച്ച് വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള ട്രാവൽ മാർട്ടുമായി (KTM 2026) ബന്ധപ്പെട്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യവസായ പങ്കാളികളുമായി സഹകരിച്ച് പ്രതിവർഷം 20 പുതിയ കേന്ദ്രങ്ങൾ വീതം വികസിപ്പിക്കാനാണ് പദ്ധതി. ഓരോ വർഷത്തെയും ബജറ്റിൽ തുക നീക്കിവെച്ചായിരിക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.

ഫോർട്ട് കൊച്ചി വികസനത്തിന് 100 കോടി

കൊച്ചിയിലെ വികസന പദ്ധതികൾക്കായി അർഹമായ ബജറ്റ് വിഹിതം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 100 കോടി രൂപയുടെ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറായി വരുന്നു.

നിർദ്ദിഷ്ട ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത 6 മാസത്തിനകം ആരംഭിക്കും. ഇതിനായുള്ള സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. കൊച്ചി നഗരത്തിനായി ഓഷ്യനേറിയം പദ്ധതിയും പരിഗണനയിലുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം

കേരള ട്രാവല്‍ മാര്‍ട്ടിന്റെ പുതിയ പതിപ്പിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24-ന് വൈകീട്ട് 5 ന് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. 25 മുതല്‍ 27 വരെ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് മാര്‍ട്ടിന്റെ ഭാഗമായുള്ള പ്രദര്‍ശനങ്ങളും ബിസിനസ് മീറ്റുകളും നടക്കുന്നത്. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന്‍ 3000 കടന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ട്ടായി ഇത് മാറും.

ഇത്തവണത്തെ കെ.ടി.എമ്മിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കേരള ട്രാവല്‍ മാര്‍ട്ടിനു ശേഷം കേരളത്തിലേക്കുള്ള യു.കെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13 ശതമാനവും യു.എസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 9 ശതമാനവും വര്‍ധനയുണ്ടായി. അതേപോലെ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മൂന്നാം സ്ഥാനത്ത് ഒമാന്‍ എത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

45,000 ബിടുബി കൂടിക്കാഴ്ചകള്‍

ഇതുവരെ 45,000-ത്തിലധികം ബിടുബി (B2B) ബിസിനസ് കൂടിക്കാഴ്ചകളാണ് മേളയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 3,000-ത്തിലധികം ബയര്‍മാരില്‍ 1,500 പേര്‍ നേരിട്ടെത്തും (1,200 ഹോസ്റ്റഡ് ബയര്‍മാരും 300 നോണ്‍-ഹോസ്റ്റഡ് ബയര്‍മാരും). 383 സ്വകാര്യ സെല്ലര്‍മാരും 15 സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. 71 അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും 67 ദേശീയ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 138 മാധ്യമ പ്രതിനിധികള്‍ പങ്കാളികളാകും.

നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി എന്നതാണ് ഇത്തവണത്തെ കെ.ടി.എമ്മിന്റെ പ്രധാന പ്രത്യേകത. രജിസ്‌ട്രേഷന്‍, ബിസിനസ് കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍ എന്നിവയ്ക്കായി പ്രത്യേക സോഫ്റ്റ്വെയറും മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ 12 വിവിധ മേഖലകളിലായി പോസ്റ്റ്-മാര്‍ട്ട് ടൂറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വാണിജ്യ കൂടിക്കാഴ്ചകളും നയരൂപീകരണ യോഗങ്ങളും വഴി ഓരോ വര്‍ഷവും കേരള ടൂറിസം മേഖലയില്‍ 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.

ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍ ഐഎഎസ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റ് ബേബി മാത്യൂ, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT