CANVA image by canva
Business Kerala

വ്യക്തികളുടെ ആസ്തി വിവരങ്ങള്‍ ഇനി ഒറ്റയടിക്ക് അറിയാം, ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് വരുന്നു

രണ്ടു കോടി രൂപയാണ് പദ്ധതി നടപ്പാക്കാന്‍ അനുവദിച്ചിരിക്കുന്നത്

Dhanam News Desk

സംസ്ഥാനത്ത് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒരു വ്യക്തിയെ സംബന്ധിക്കുന്ന, ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തി വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഡിജിറ്റല്‍ പ്രോര്‍ട്ടി കാര്‍ഡ് പദ്ധതി. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. റവന്യു വകുപ്പിനു കീഴിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി

ഒരാളുടെ പേരിലുള്ള ഭൂമി, അതിന്റെ സ്വഭാവം, കെട്ടിടങ്ങള്‍, പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വസ്തുവിലുള്ള ബാധ്യത, നികുതി കുടിശിക തുടങ്ങി എല്ലാ വിവരങ്ങളും കാര്‍ഡിലെ നമ്പരുപയോഗിച്ച് ഓണ്‍ലൈനിലൂടെ അറിയാം. കാര്‍ഡ് നമ്പറോ അതിലെ ക്യു.ആര്‍ കോഡോ ഉപയോഗിച്ച് വ്യക്തിയുടെ ആസ്തി വിവരങ്ങള്‍ ഓണ്‍ലൈനായി ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും.

സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും എളുപ്പം

ബാധ്യത, കൈവശാവകാശം, വരുമാനം തുടങ്ങി വില്ലേജ് ഓഫീസുകളില്‍ നിന്ന് ഏതു സര്‍ട്ടിഫിക്കറ്റ് വാങ്ങിയാലും കാര്‍ഡില്‍ രേഖപ്പെടുത്തും. നിശ്ചിത കാലയളവിനുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായാല്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കാര്‍ഡോ നമ്പറോ ബന്ധപ്പെട്ട സ്ഥാപനത്തിന് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കാര്‍ഡ് തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ റീസര്‍വേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT