Image by Canva 
Business Kerala

കുരുമുളക് ഉത്പാദനത്തില്‍ കേരളം കിതയ്ക്കുന്നു, 10 വര്‍ഷം കൊണ്ട് വിളവെടുപ്പില്‍ 10,000 ടണ്ണിന്റെ കുറവ്

കീടബാധയും തണ്ട് ചീയലും തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങളും പ്രതിസന്ധി

Dhanam News Desk

കേരളത്തിന്റെ കുരുമുളക് ഉത്പാദനത്തില്‍ ഗണ്യമായ ഇടിവ്. പ്രതീക്ഷിക്കുന്ന ഉത്പാദനത്തില്‍ 8-10 ശതമാനം കുറവുണ്ടാകുമെന്ന് കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍ പറഞ്ഞു. അബ്ദുള്‍സമദ് സമദാനി എം.പി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

2014-15 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കുരുമുളക് തോട്ടങ്ങളുടെ വിസ്തൃതി 85,431 ഹെക്ടറില്‍ നിന്ന് 72,669 ഹെക്ടറായി ചുരുങ്ങി. 15 ശതമാനത്തോളം കുറവാണ് വിസ്തൃതിയിലുണ്ടായിരിക്കുന്നത്. ഇതോടെ ഉല്‍പാദനം 40,690 ടണ്ണില്‍ നിന്ന് 30,798 ടണ്ണായും കുറഞ്ഞു.

ആഘാതമായി വെള്ളപ്പൊക്കം

കീടങ്ങളുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനം മൂലം തണ്ട് അഴുകുന്നതും ഉത്പാദനം കുറയാന്‍ കാരണമാകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ 2018ലെയും 2019ലെയും തുടര്‍ച്ചയായ വെള്ളപ്പൊക്കവും കുരുമുളകിനെ ബാധിച്ചു. വില കുറഞ്ഞ് നിന്ന സമയത്താണ് വെള്ളപ്പൊക്കമുണ്ടായത്. ഇത് ഈ വിളയോടുള്ള കര്‍ഷകരുടെ താത്പര്യം കുറയാനിടയാക്കി. ഇതോടെ കൂടുതല്‍ പേരും വലിയ ശ്രദ്ധ നല്‍കാന്‍ താത്പര്യം കാണിച്ചില്ല. അത് ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. 2021-22 വരെ വില കുറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതും ഉത്പാദനത്തിന്റെ അളവ് കുറച്ചു.

കൂടാതെ, മതിയായ ഈര്‍പ്പത്തിന്റെയും സംരക്ഷണ നടപടികളുടെയും അഭാവം മണ്ണിന്റെ പോഷണവും ഈര്‍പ്പവും കുറയുന്നതിന് കാരണമായി. കുരുമുളക് വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളും മറ്റ് ലാഭകരമായ വിളകളുടെ കടന്നുകയറ്റവും പ്രശ്‌നം രൂക്ഷമാക്കി.

മറ്റ് ഉല്‍പാദക രാജ്യങ്ങളിലെ കുരുമുളകിന്റെ ലഭ്യതയും ഇന്ത്യന്‍ കുരുമുളകിന്റെ വിലയും കുരുമുളക് കയറ്റുമതിയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കി.

മറ്റ് ഉത്പാദക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ കുരുമുളകിന് വില കൂടുതലാണ്. ഗുണനിലവാരം കൂടുതലായതു കാരണം ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലെ ഉത്പ്പന്നങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതികള്‍ പലത്

കുരുമുളക് ഉള്‍പ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, പുതിയ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, നിലവിലുള്ളവയുടെ വിസ്തൃതി കൂട്ടല്‍, തോട്ടങ്ങളുടെ പുനരുജ്ജീവനവും പുനരധിവാസവും, വിളവെടുപ്പിന് ശേഷമുള്ള പരിപാലനം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

കേരള കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്എന്നിവ വഴിയും കോഴിക്കോട്ടെ അടയ്ക്ക, സുഗന്ധ വ്യഞ്ജന വികസന ഡയറക്ടറേറ്റ് (ഡിഎഎസ്ഡി), ഡിഎ ആന്‍ഡ് എഫ്ഡബ്ല്യു എന്നിവയും പദ്ധതി നടപ്പാക്കുന്നുണ്ട്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനവും വിതരണവും, ഉയര്‍ന്ന നിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദന-വിതരണം, സ്ഥിരമായ വിതരണം എന്നിവ ഉറപ്പാക്കുന്നതിന് ഹൈടെക് നഴ്‌സറികള്‍ സ്ഥാപിക്കല്‍, പൊതു-സ്വകാര്യ മേഖലകളില്‍ കുരുമുളക് നഴ്‌സറികളുടെ അക്രഡിറ്റേഷന്‍, കുരുമുളക് തോട്ടങ്ങള്‍ക്കായുള്ള പുനരധിവാസ പരിപാടികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഐഐഎസ്ആര്‍, ഓള്‍ ഇന്ത്യ കോഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് എന്നിവ ചേര്‍ന്ന് ഉയര്‍ന്ന വിളവ് നല്കുന്ന, രോഗപ്രതിരോധ ശേഷിയുള്ള 21 കുരുമുളക് ഇനങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് നിലവില്‍ രാജ്യത്തെ കുരുമുളക് ഉത്പാദന മേഖലയുടെ 70 ശതമാനവും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഉത്പാദനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT