രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന് (കെ.ടി.എം 2026) ഇക്കുറി റെക്കോര്‍ഡ് രജിസ്ട്രേഷന്‍. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന്‍ 3000 കടന്നു. ഇതിൽ 790 രാജ്യാന്തര ബയർമാരും 2,210 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു.
സെപ്റ്റംബർ 24-ന് കൊച്ചിയിൽ ഔപചാരികമായ ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെയാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക. ഉദ്ഘാടന ചടങ്ങ് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും പ്രദര്‍ശനവും വാണിജ്യ കൂടിക്കാഴ്ചകളും കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമാണ് നടക്കുന്നത്.
മേളയിൽ 382 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 30 ഓളം സ്റ്റാളുകളും മാര്‍ട്ടിലുണ്ടാകും. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി ഇതിനകം 40,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിലേക്ക് വലിയ തോതിലുള്ള നിക്ഷേപ-വാണിജ്യ സാധ്യതകളാണ് ഉളളത്.
വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത.
Read DhanamOnline in English
Subscribe to Dhanam Magazine