രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം എഡിഷന്റെ പ്രദര്‍ശനത്തിന് തുടക്കമായി. മാര്‍ട്ട് പവലിയനുകളുടെയും സ്റ്റാളുകളുടെയും ഉദ്ഘാടനം സംസ്ഥാന ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് നിര്‍വഹിച്ചു.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി രജിസ്റ്റര്‍ ചെയ്ത 3000 ബയര്‍മാരില്‍ നിന്ന് തെരഞ്ഞെടുത്ത 1600 ഓളം പേരാണ് മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. മേളയിൽ 383 സെല്ലര്‍മാരാണ് പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. കേരള ടൂറിസത്തിന്റേതടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാര്‍ട്ടിലുണ്ട്. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്.
മാര്‍ട്ടിന്റെ ആദ്യ രണ്ട് ദിനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ബയര്‍മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന ദിനമായ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്നും കെടിഎം അറിയിച്ചു. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് പ്രദർശനം നടക്കുന്നത്.
സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ., ഡയറക്ടര്‍ അഞ്ജന എം., അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥന്‍, സി.ഇ.ഒ രാജ്കുമാര്‍, മുന്‍ പ്രസിഡന്റുമാരായ ബേബി മാത്യു, ഏബ്രഹാം ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ സി., ഹോ. ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, നിര്‍വാഹക സമിതിയംഗം ജനീഷ് ജെ. തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പവലിയന്‍ ഉദ്ഘാടനം.
Read DhanamOnline in English
Subscribe to Dhanam Magazine